അട്ടപ്പാടിയില്‍ ശിശുമരണമല്ല മറിച്ച് കൊലപാതകമെന്ന് വി.ഡി സതീശന്‍; വ്യാഖ്യാനം മാത്രമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

അട്ടപ്പാടിയില്‍ ശിശുമരണമല്ല മറിച്ച് കൊലപാതകമെന്ന് വി.ഡി സതീശന്‍; വ്യാഖ്യാനം മാത്രമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു പുതിയ പദ്ധതിയും സര്‍ക്കാര്‍ കൊണ്ടു വന്നിട്ടില്ല. ആശുപത്രിയോ ഡോക്ടര്‍മാരോ ഇല്ല. എല്ലാ രോഗികളെയും പെരിന്തല്‍മണ്ണയിലേക്ക് റഫര്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അവിടേക്ക് പോവാന്‍ സൗകര്യങ്ങളില്ലെന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ആരോഗ്യ മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ നിരവധി പദ്ധതികള്‍ നടപ്പായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ അത് തുടര്‍ന്നിരുന്നു. പിന്നീട് അതെല്ലാം നിന്നുപോയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വാദപ്രതി വാദങ്ങള്‍ നടത്തി വ്യാഖ്യാനിക്കലല്ല അട്ടപ്പാടിയില്‍ ആവശ്യമെന്നും കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യവും ഉടന്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ 25 കോടിയോളം പേര്‍ക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല. കേരളം പക്ഷെ വളരെ ദൂരം മുന്നോട്ട് പോയി. ഡിജിറ്റല്‍ വിദ്യാഭ്യാസം ആര്‍ക്ക് ആദ്യം കൊടുക്കണമെന്ന കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. ആദിവാസി കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കി. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.