അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 07
ഫ്രാന്‍സ്, ബ്രിട്ടണ്‍, സ്‌പെയിന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്ന, ചരിത്രത്തില്‍ ഗൗള്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു റോമന്‍ ക്രിസ്തീയ കുടുംബത്തില്‍ 333 ലാണ് അംബ്രോസ് ജനിച്ചത്. ഗൗളിലെ പ്രീഫെക്ടായിരുന്ന റേലിയസിന്റേയും റേലി സിമാച്ചിയുടേയും മൂന്നു മക്കളില്‍ ഇളയവനായിരുന്നു അംബ്രോസ്.
പിതാവിന്റെ മരണത്തോടെ അവര്‍ കുടുംബസമേതം റോമിലേക്ക് താമസം മാറ്റി. അവിടെ വച്ച് അദ്ദേഹം നിയമം, സാഹിത്യം, തുടങ്ങി പല മേഖലകള്‍ പഠന വിഷയമായി തിരഞ്ഞെടുക്കുകയും അതില്‍ വളരെ പ്രഗല്ഭനായി തീരുകയും ചെയ്തു. പിന്നീട് തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് പൊതു സേവനത്തിനായി ഇറങ്ങി തിരിച്ച അംബ്രോസ് പ്രാദേശിക കൗണ്‍സിലില്‍ അംഗമായി.
തുടര്‍ന്ന് 372 ല്‍ അദ്ദേഹത്തെ മിലാന്‍ ആസ്ഥാനമായി വരുന്ന ലിഗൂറിയയുടേയും എമിലിയയുടേയും ഗവര്‍ണറായി തിരഞ്ഞെടുത്തു. പിന്നീട് 374 ഡിസംബര്‍ ഏഴിന് അംബ്രോസ് മിലാന്റെ മെത്രാനായി വാഴിക്കപ്പെട്ടു. മിലാന്‍ രൂപതയുടെ അഭിവൃദ്ധിക്കായി അശ്രാന്തം പരിശ്രമിച്ച അദ്ദേഹം മെത്രാന്‍ എന്ന നിലയില്‍ ഒരു സന്യാസ ജീവിത ശൈലി സ്വീകരിച്ചു. തന്റെ പേരിലുള്ള ഭൂമി മുഴുവന്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്തു.
വിശുദ്ധന്റെ അഗാധമായ പാണ്ഡിത്യത്തിന്റെയും വാക്ചാതുരിയുടെയും മുന്‍പില്‍ അന്ന് ശക്തമായിരുന്ന പാഷണ്ഡികള്‍ മൗനം പാലിച്ച് തല കുനിക്കാന്‍ നിര്‍ബന്ധിതരായി. അതിനാല്‍ അദ്ദേഹത്തെ അപായപ്പെടുത്തുവാന്‍ ശത്രുക്കള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. ആര്യന്‍ പാഷണ്ഡകരുടെ പ്രേരണയാല്‍ പേര്‍ഷ്യന്‍ ബസിലിക്കാ കൊടുക്കാന്‍ ശ്രമിച്ച ചക്രവര്‍ത്തിയോട് നേരിട്ട് ഏറ്റുമുട്ടാനും അംബ്രോസ് മടിച്ചില്ല.
തെസ്‌ലോനിക്കയില്‍ അനേകരെ കൂട്ടക്കൊല ചെയ്ത തെയോഡേഷ്യസ് ചക്രവര്‍ത്തിയെ പരസ്യമായി പ്രായശ്ചിത്തം ചെയ്യിച്ചതിനു ശേഷമാണ് വിശുദ്ധന്‍ അദ്ദേഹത്തെ ദൈവാലയത്തില്‍ പ്രവേശിപ്പിച്ചത്. വിശുദ്ധ ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം തുടങ്ങിയവയെക്കുറിച്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ എഴുതിയ അദ്ദേഹം ഇന്നും പ്രചാരത്തിലുള്ള ഒട്ടനവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സഭയിലെ മഹാ വിശുദ്ധന്‍മാരില്‍ ഒരാളായ അഗസ്റ്റിന്റെ മാനസാന്തരത്തിനു കാരണക്കാരനായതും അംബ്രോസാണ്.
റോമിലെ പ്രസ്‌ബൈറ്ററായ സിംപ്ലിഷ്യനുമായി ചേര്‍ന്ന്് അംബ്രോസ് ദൈവശാസ്ത്രം പഠിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ അപൂര്‍വ്വമായിരുന്ന ഗ്രീക്കിനെ കുറിച്ചുള്ള തന്റെ മികച്ച അറിവ് ഉപയോഗിച്ച് അദ്ദേഹം പഴയ നിയമത്തെക്കുറിച്ചും ഗ്രീക്ക് എഴുത്തുകാരായ ഫിലോ, ഒറിജന, അത്തനാസിയസ്, ബേസില്‍ എന്നിവരെക്കുറിച്ചും പഠിച്ചു. പഴയ നിയമ വിശദീകരണത്തില്‍ അദ്ദേഹത്തിനുള്ള പ്രാവീണ്യം വളരെ വലുതായിരുന്നു. അനേകരെ തന്റെ പ്രസംഗങ്ങള്‍ വഴി അദ്ദേഹം സ്വാധീനിച്ചു.
381 ല്‍ 32 ബിഷപ്പുമാര്‍ പങ്കെടുത്ത സിനഡില്‍ അംബ്രോസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ മത തത്വങ്ങളില്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നെങ്കിലും അദ്ദേഹവുമായി രമ്യതയില്‍ ഏവരും മുന്നോട്ടു പോയി. 397 ല്‍ അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. മിലാനിലെ സെന്റ് അംബ്രോജിയോ പള്ളിയിലാണ് വിശുദ്ധ അംബ്രോസിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബുര്‍ഗൊണ്ടോഫാരാ
2. ഫ്രാന്‍സിലെ മാര്‍ട്ടിന്‍
3. സ്‌കോട്ടിലെ ബൂയിത്ത്
4. അലക്‌സാണ്ട്രിയായിലെ അഗാത്തോ
5. ചാര്‍ത്രേയിലെ ബിഷപ്പായിരുന്ന അനിയാനൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.