32 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഗാന്ധി നഗര്‍ നിര്‍ണായകം

32 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഗാന്ധി നഗര്‍ നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം കൊച്ചി കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. വോട്ടെണ്ണല്‍ നാളെ നടക്കും.

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം കൊച്ചി നഗരസഭയിലെ ഗാന്ധി നഗര്‍ ഡിവിഷനാണ്. നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകമാണ്. അഞ്ച് കോളനികള്‍, ഒരു പറ്റം ഫ്‌ളാറ്റുകളും ഉള്‍പ്പടെ സങ്കീര്‍ണമായ നഗര പരിസരത്തില്‍ 8000ത്തോളം വോട്ടര്‍മാരുണ്ട്. കെഎസ്ആര്‍സി സ്റ്റാന്‍ഡും കമ്മട്ടിപ്പാടവും ഉള്‍പ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയ ഭാഗത്താണ് 63ാം വാര്‍ഡ്. കോവിഡ് ബാധിച്ച് കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നാണ് 63ാം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മാത്രമല്ല മൂന്നര പതിറ്റാണ്ടായി എല്‍ഡിഎഫിന്റെ കുത്തക വാര്‍ഡ് എന്ന നിലയിലും ഗാന്ധിനഗര്‍ ശ്രദ്ധേയമാണ്. സിഐടിയു നേതാവും മുന്‍ കൗണ്‍സിലറുമായിരുന്ന കെ കെ ശിവന്‍ കഴിഞ്ഞ മെയിലാണ് കോവിഡ് ബാധിച്ച് മരിച്ചത്. ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയത്. കഴിഞ്ഞ തവണ 115 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട പി ഡി മാര്‍ട്ടിന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതേസമയം കഴിഞ്ഞ തവണ 379 വോട്ട് കിട്ടിയിടത്ത് നിന്ന് വോട്ടുവിഹിതം പരാമവധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ.

74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ സ്വതന്ത്രരുടെ പിന്തുണയോടെ നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരണം തുടരുന്നത്. കൗണ്‍സിലര്‍മാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് ഇടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനിലാകട്ടെ വെട്ടുകാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികള്‍ കാഴ്ചവയ്ക്കുന്നത്. കൗണ്‍സിലറായിരുന്ന സാബു ജോസ് കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത വാര്‍ഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. വാര്‍ഡ് തിരിച്ചു പിടിച്ച് തീരമേഖലയിലെ ശക്തി തെളിയിക്കാനാണ് യുഡിഎഫ് നീക്കം. മോശം റോഡ്, വെള്ളക്കെട്ട്, തീരത്തെ തൊഴിലില്ലായ്മ, ടൂറിസം രംഗത്തെ തളര്‍ച്ച, തിരുവനന്തപുരത്തെ എല്ലാ തീരദേശ വാര്‍ഡുകളിലെയും പോലെ വെട്ടുകാടും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഇതൊക്കെയാണ്.

കൂടാതെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഇടയ്‌ക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പോത്തന്‍കോട്, വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് എന്നിവിടങ്ങളിലും ഇന്ന് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.