ന്യൂഡൽഹി: ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം ചേരുക. എന്നാൽ ചർച്ച സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടൂതൽ ശക്‌തമാക്കാനും അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
സർക്കാരുമായി ചർച്ച നടക്കാതെ അതിർത്തികളിലെ സമര രീതി മാറ്റേണ്ടെന്ന നിലപാടിലാണ് സംഘടനകൾ. എന്നാൽ കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനാൽ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കർഷക സംഘടനകളുടെ അഭിപ്രായം. കേന്ദ്രം ആവശ്യങ്ങൾ അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.
താങ്ങുവില നിയമവിധേയമാക്കുക, മരിച്ച കർഷകരുടെ ആശ്രിതരുടെ പുനരധിവാസം തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ ഡൽഹി അതിർത്തിയിലടക്കം നടത്തുന്ന സമരം കർഷകർ തുടരും. ഇന്നലെ സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന സമിതിയിലേക്കുള്ള അഞ്ച് പ്രതിനിധികളെയും യോഗം നിശ്ചയിച്ചു. സർക്കാരിന്റെ പ്രതികരണം അടക്കം ചർച്ച ചെയ്യാനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്. അശോക് ധവാലെ, ബൽബീർ സിംഗ് രജേവാൾ, ഗുർണാം സിംഗ് ചാദുനി, ശിവ് കുമാർ കക്കാജി, യുദ്ധ്‌വീർ സിംഗ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. കർഷകരുടെ ആവശ്യങ്ങൾ ഇവർ സർക്കാരിനെ അറിയിക്കും.
കാർഷിക നിയമങ്ങൾ റദ്ദാക്കിയെങ്കിലും കർഷകരുടെ മറ്റ് ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗികമായ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രിക്ക് കർഷക സംഘടനകൾ അയച്ച കത്തിനും മറുപടി ലഭിച്ചില്ല. ഘട്ടംഘട്ടമായിആവശ്യങ്ങൾ പരിഗണിക്കാമെന്ന കേന്ദ്രസർക്കാർ നിലപാട് സ്വീകാര്യമല്ല. വാക്കാൽ നൽകുന്ന ഉറപ്പിൽ വിശ്വസിച്ച് സമരങ്ങളിൽ നിന്ന് പിൻമാറിയ മുൻകാല അബദ്ധം ആവർത്തിക്കില്ല. സമരങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെടുത്ത കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണം. ആവശ്യങ്ങൾ അംഗീകരിച്ചാൽ സമരം നിറുത്തുന്ന കാര്യം പരിഗണിക്കാമെന്നും യോഗത്തിൽ ധാരണയായി.
വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, ഡൽഹി വായു ഗുണനിലവാര നിയന്ത്രണ കമ്മിഷൻ ഉത്തരവിലെ കർഷക വിരുദ്ധ വകുപ്പ് റദ്ദാക്കുക, ഡൽഹി, ഹരിയാന, യു.പി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കുക, കർഷക സമരത്തിനിടെ മരിച്ച 708 പേർക്ക് സ്മാരകം നിർമ്മിക്കുക, ഇവരുടെ ആശ്രിതരെ പുനരധിവസിപ്പിക്കുക, ലഖീംപൂർഖേരി കർഷക അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കി അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.