39 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിക്കുന്നു

39 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 5-ാം തീയതി രാവിലെ 10ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. മണ്ഡലാനുസരണം എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ 6, കൊല്ലം 3, പത്തനംതിട്ട 2, ആലപ്പുഴ 4, കോട്ടയം 1, എറണാകുളം 6, തൃശൂര്‍ 7, പാലക്കാട് 3, മലപ്പുറം 3, കോഴിക്കോട് 1, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം നടത്തുന്നത്.

മുദാക്കല്‍, മംഗലപുരം, പുതുകുറിച്ചി, തോണിപ്പാറ, മുക്കോല, പൂന്തുറ എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്ക് പ്രാദേശിയ തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്തു. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിന് മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം എന്നിവയാണ് ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കി വരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.