ലണ്ടന്‍: പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയില്‍, സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ക്ളൗഡിയോ ഗുജറോത്തി. മാര്‍ ഔസേപ്പിതാവിന്റെ വര്‍ഷാചരണം സാര്‍വത്രിക സഭയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു നില്‍ക്കുന്ന ആഘോഷമായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ തല സമാപനത്തോടനുബന്ധിച്ച് ബ്രിട്ടനിലെ വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഫാന്‍ബറോ സെന്റ് മൈക്കിള്‍സ് ആബിയിലേക്ക് രൂപതാതല തീര്‍ഥാടനം സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ സംസാരിക്കുകയായിരുന്നു ബിഷപ്പ് മാര്‍. ക്ളൗഡിയോ ഗുജറോത്തി.
പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിന് സീറോ മലബാര്‍ സഭ മാതൃകയാണ്. സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും അഭിമാനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും വിശ്വാസം കാത്തു സൂക്ഷിച്ചു പള്ളിയിലെത്തുന്നത് കേരള യാത്രയ്ക്കിടെ കണ്ട ആഹ്ളാദിപ്പിക്കുന്ന കാഴ്ച ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വാസ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ക്രൈസ്തവരുടെ ചരിത്രവും പാരമ്പര്യവും വരെ നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതു തിരിച്ചു പിടിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ഈണത്തില്‍ ഗാനങ്ങള്‍ സുറിയാനി, ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുര്‍ബാനയില്‍ ആലപിച്ചത് ഏറെ ശ്രദ്ധേയമായി. ഫാണ്‍ബറോ സെന്റ് മൈക്കിള്‍സ് അബ്ബേയിലെ ആബട്ട് ഫാദര്‍ ഡോം കത്ബെര്‍ട്ട് ബ്രോഗന്‍, മോണ്‍സിഞ്ഞോര്‍ ജോണ്‍ കല്ലറയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ റവ. ഫാദര്‍ ജോര്‍ജ് ചേലക്കല്‍, ഫാദര്‍ ജിനോ അരിക്കാട്ട് എംസിബിഎസ് തുടങ്ങിയവരും രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും അല്‍മായ പ്രതിനിധികളും സംബന്ധിച്ചു.
റവ.ഫാദര്‍ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന 35 ഗായക സംഘവും ഏറെ ശ്രദ്ധേയമായി. റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കലിന്റെ പരിശീലനത്തിനു കീഴില്‍ അണിനിരന്ന അള്‍ത്താര ബാലന്‍മാരും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. വികാരി ജനറാള്‍ റവ. ഫാദര്‍ ജിനോ അരീക്കാട്ട് എം സി ബി എസിന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥാടന പരിപാടികള്‍ ഏകോപിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.