ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം ബുധനാഴ്ച അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും 'എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെ'ന്ന മുന്നറിയിപ്പു നല്‍കി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത്.
'ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും ഞങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നു പറയുന്നത് ... എന്നാല്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം വ്യക്തമല്ല. കര്‍ഷക നേതാക്കള്‍ക്ക് ഇപ്പോഴും ആശങ്കകളുണ്ട്. ബുധനാഴ്ച ഇത് ചര്‍ച്ച ചെയ്യും'- ടിക്കായത്ത് പറഞ്ഞു. 'എല്ലാം പരിഹരിക്കുന്നതുവരെ ആരും വീട്ടിലേക്ക് പോകരുത്.'
നാളെ ചേരുന്ന യോഗത്തില്‍ നേതാക്കള്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് സൂചന. നേരത്തെ, കേന്ദ്രത്തിന്റെ കരട് നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ പ്രതിഷേധ നേതാക്കള്‍ സിംഗു അതിര്‍ത്തിയില്‍ യോഗം ചേര്‍ന്നു. എന്നാല്‍ ഉത്തരാഖണ്ഡിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ രാകേഷ് ടിക്കായത്ത് ആ യോഗം ഒഴിവാക്കി.
എന്‍ഡിടിവി റിപ്പോര്‍ട്ട് അനുസരിച്ച്, മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനും കേന്ദ്രം സന്നദ്ധമാണത്രേ. പക്ഷേ, ഇക്കാര്യങ്ങളിലെല്ലാം സന്ദേഹങ്ങളുണ്ട് ടിക്കായത്ത് ഉള്‍പ്പെടെ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളില്‍ പലര്‍ക്കും.
എംഎസ്പി പ്രശ്‌നം തീരുമാനിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതു സംബന്ധിച്ചാണ് കിസാന്‍ മോര്‍ച്ച നേതാക്കള്‍ക്കു കൂടുതല്‍ സംശയം. കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും കൃഷി വിദഗ്ധരും 40-ലധികം കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികളും ഉണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.അതേസമയം, കമ്മിറ്റിയുടെയും അതുമായി ബന്ധപ്പെട്ട പ്രക്രിയകളുടെയും വിശ്വാസ്യത എങ്ങനെ ഉറപ്പാക്കുമെന്നതാണ് കിസാന്‍ മോര്‍ച്ച നേതാക്കളുടെ പ്രധാന ആശങ്ക.
സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍ലിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരം പിന്‍വലിച്ചാല്‍ മാത്രം കേസുകള്‍ പിന്‍വലിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം നാളെ അറിയിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞത്.
'സമരങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേസുകള്‍ പിന്‍വലിക്കും എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ രാജ്യത്ത് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കുന്നതാണ് എന്നും അവര്‍ പറഞ്ഞു,' കര്‍ഷകനേതാവ് കൃഷ്ണപ്രസാദ് വ്യക്തമാക്കി.
കര്‍ഷകസമരത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കൊമെന്ന് ഉത്തര്‍പ്രദേശ് ഹരിയാന സര്‍ക്കാരുകള്‍ ഫലത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും കൃഷ്ണപ്രസാദ് അറിയിച്ചു. പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ലംഖിപൂര്‍ ഖേരി കേസിന്റെ കാര്യത്തിലും മന്ത്രിയുടെ രാജി ആവശ്യത്തിലും വ്യക്തത വരണമെന്നു കര്‍ഷക സമര നേതാക്കള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.