ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ മുസ്ലീം യുവതി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ മുസ്ലീം യുവതി മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: രോഗം ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭര്‍ത്താവ് ആലുവയില്‍ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയാക്കിയ യുവതി മരിച്ചു. കല്ലാച്ചി ചെട്ടീന്റെവിട ജമാലിന്റെ ഭാര്യ നൂര്‍ജഹാനാണ് (44) മരിച്ചത്. യുവതിയുടെ മാതൃസഹോദരീ പുത്രന്‍ ഫൈസലിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വളയം പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണ് മരണമെന്ന് പരാതിയില്‍ ആരോപിക്കുന്നു.

കുനിങ്ങാട് കിഴക്കയില്‍ നൂര്‍ജഹാന്‍ മന്‍സിലില്‍ മൂസ - കുഞ്ഞയിഷ ദമ്പതികളുടെ മകളാണ് നൂര്‍ജഹാന. ജാതിയേരി കല്ലുമ്മലിലെ വാടക വീട്ടില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് നൂര്‍ജഹാനെ ഭര്‍ത്താവ് ജമാല്‍ ആംബുലന്‍സില്‍ ആലുവയിലേക്ക് കൊണ്ടുപോയത്. മരണവിവരം ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെ ഭാര്യാമാതാവിനെ ഫോണില്‍ അറിയിക്കുകയായിരുന്നു.

ആറ് മാസം മുൻപ് ചര്‍മ്മ സംബന്ധമായ രോഗം ബാധിച്ച യുവതിക്ക് ഭര്‍ത്താവ് ജമാല്‍ വീട്ടില്‍ ചികിത്സ നല്‍കുകയായിരുന്നു. യുവതിയുടെ വിവരം അറിയാതെ ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് അവര്‍ ഇടപെട്ട് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും രോഗം കടുത്തതോടെ തുടര്‍ചികിത്സ നടത്താന്‍ തയ്യാറാകാതെ ജമാല്‍ ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

മൃതദേഹം ആലുവയില്‍ നിന്ന് കല്ലാച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.