ഇരിങ്ങാലക്കുട വലതും പിറവം ഇടതും നിലനിര്‍ത്തി; ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 16, യുഡിഎഫ് 14, എന്‍ഡിഎ 1

ഇരിങ്ങാലക്കുട വലതും പിറവം ഇടതും നിലനിര്‍ത്തി; ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 16, യുഡിഎഫ് 14, എന്‍ഡിഎ 1

തിരുവനന്തപുരം: ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി എല്‍ഡിഎഫും നിലനിര്‍ത്തി. കൊച്ചി കോര്‍പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമായ ഗാന്ധിനഗര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാര്‍ഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പില്‍ 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാന്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു.

ഇടപ്പള്ളിച്ചിറ വാര്‍ഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ഡോ. അജേഷ് മനോഹര്‍ വിജയിച്ചതോടെ പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗ ബലമായതിനാല്‍ 14-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിന് ഏറെ വീറും വാശിയുമുണ്ടായിരുന്നു

സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്ന കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ശിവന്റെ ഭാര്യ സിപിഎമ്മിലെ ബിന്ദു ശിവന്‍ കോണ്‍ഗ്രസിലെ പി.ഡി മാര്‍ട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തതോടെ കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിച്ചു. കളരിപ്പടി വാര്‍ഡില്‍ 338 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ വി.ജി അനില്‍കുമാറാണ് വിജയിച്ചത്.
മാഞ്ഞൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ മാഞ്ഞൂര്‍ സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സുനു ജോര്‍ഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു

കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ ബാബു എല്‍ഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍ ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുള്‍സത്താര്‍ 710 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍ 1490 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു. കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്‍എസ്പിയിലെ പ്രദീപ്കുമാര്‍ 317 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഇടുക്കി ജില്ലയില്‍ രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാര്‍ഡില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിന്‍സ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. ഒങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സിപിഎമ്മിലെ കെ അശോകന്‍ 380 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്.

എരുത്തുംപതി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി 169 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിജയം 47 വോട്ടിന്.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സിപിഎമ്മിലെ സോമദാസന്‍ 1381 വോട്ടിന് വിജയിച്ചു. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാര്‍ഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രന്‍ വിജയിച്ചത്. ആലപ്പുഴ അരൂര്‍, പാലക്കാട് ശ്രീകൃഷ്ണപുരം, കോഴിക്കോട് നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.