കൊച്ചി: സീറോ മലബാര്‍ സഭയില്‍ ആത്മീയതയുടെ പിടിമുറുക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുഴുവന്‍ അല്‍മായ സമൂഹത്തിന്റെയും പിന്തുണ മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഉണ്ടെന്ന യാഥാര്‍ഥ്യത്തില്‍ വിമത നീക്കം ദുര്‍ബലമായി.
അധികാരം മാത്രമല്ല, ആത്മീയതയും കൂടിയാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ വിശ്വാസ സമൂഹത്തിന് പ്രിയങ്കരനാക്കുന്നത്. അല്‍മായ സമൂഹത്തിന്റെ ആഗോള തലത്തിലുള്ള അപ്രതീക്ഷിത പിന്തുണ വിമത നീക്കങ്ങള്‍ നടത്തിയവരെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
ഇതിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പാത്രീയര്‍ക്കീസാക്കാനുള്ള നീക്കം സഭയില്‍ ശക്തി പ്രാപിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ പുറകോട്ട് പോകരുതെന്നാണ് വിവിധ രൂപതകള്‍ ആവശ്യപ്പെടുന്നത്. ആദ്യപടിയായി അദ്ദേഹത്തെ കാര്‍ഡിനല്‍ ബിഷപ്പായി മാര്‍പാപ്പ നിയമിക്കുമെന്നറിയുന്നു. കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സീറോ മലബാര്‍ സഭയെ ശക്തമാക്കാന്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പായുടെ നീക്കങ്ങള്‍. വിമത നീക്കങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ കടുത്ത അതൃപ്തിയിലാണ്.
ഒരു നൂറ്റാണ്ടില്‍ കൈവരിക്കാന്‍ സാധിക്കാത്ത വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടയില്‍ സീറോ മലബാര്‍ സഭ മാര്‍ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്. സീറോ മലബാര്‍ സഭയില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പിതാവിന്റെ പൊതു സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്.
കുര്‍ബാന ഏകീകരണം സഭ മുഴുവന്‍ ഏറ്റുവാങ്ങിയത് ആലഞ്ചേരിയെ സഭയില്‍ ശക്തനാക്കി.സിനഡ് പിതാക്കന്മാര്‍ ഒന്നടങ്കം കര്‍ദ്ദിനാളിനു പിന്നില്‍ അണി നിരന്നു. ഭൂമി വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തെ കെസിബിസി പ്രസിഡണ്ടാക്കുന്നത്. ഇതര സഭാ വിഭാഗങ്ങള്‍ക്കു മുഴുവന്‍ സ്വീകാര്യമാണ് അദ്ദേഹത്തിന്റെ നേതൃത്വമെന്ന് വത്തിക്കാന്‍ മനസിലാക്കി.
ഇതിനിടെ സത്യസന്ധമായി സഭാ ചരിത്രത്തെ വിലയിരുത്തി മുന്നോട്ടു പോകുവാന്‍ സീറോ മലബാര്‍ സഭയെ പ്രാപ്തമാക്കിയത് ആലഞ്ചേരി പിതാവിന്റെ നിരന്ത ഇടപെടലുകളാണെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ മാര്‍പാപ്പക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കത്തോലിക്കാ സഭയെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ മാര്‍ ആലഞ്ചേരിയിലൂടെ സാധിക്കുമെന്ന് പൗര്യസ്ത
സഭകളുടെ കോണ്‍ഗ്രിഗേഷന്‍ ഫ്രാന്‍സിസ് പാപ്പക്ക് നല്‍കിയ വിശദീകരണ കത്തില്‍ പറയുന്നു.
കേരളത്തില്‍ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സീറോ മലബാര്‍ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ ആഗോള സഭയായി വളര്‍ന്നു. ഇന്ന് ഈ സഭയ്ക്ക് നാലു ഭൂഖണ്ഡങ്ങളില്‍ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളില്‍ മിഷനുകളും ഉണ്ട്. സിറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകള്‍ക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സീറോ മലബാര്‍ സഭ നിലകൊള്ളുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.