സൈനിക ഹെലികോപ്റ്റര്‍ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന

സൈനിക ഹെലികോപ്റ്റര്‍ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന

ഊട്ടി: തമിഴ്നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച MI 17V5 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലിയിരുത്തുകയാണ്.

അതേസമയം ജനറല്‍ ബിപിന്‍ റാവത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. കോയമ്പത്തൂരില്‍ നിന്ന് ഉന്നതതല മെഡിക്കല്‍ സംഘം ഊട്ടിക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ബിപിന്‍ റാവത്തിന്റെ കാലിലും ഇടതുകൈയ്യിലുമായി ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരുടെ പട്ടിക ഇങ്ങനെയാണ്:

1. ജനറല്‍ ബിപിന്‍ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയര്‍ ഘട ലിഡര്‍
4. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
5. എന്‍ കെ ഗുര്‍സേവക് സിംഗ്
6. എന്‍ കെ ജിതേന്ദ്രകുമാര്‍
7. ലാന്‍സ് നായ്ക് വിവേക് കുമാര്‍
8. ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍

സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ സംസാരിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. സൂളൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അല്‍പസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തില്‍ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആദ്യം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഓടിയെത്തിയ നാട്ടുകാരാണെങ്കിലും ഇപ്പോള്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ സ്ഥലത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്.
ഇന്ത്യന്‍ സൈന്യത്തെയും ഭരണകൂടത്തെയും തന്നെ ഞെട്ടിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര മന്ത്രിസഭായോഗം ചേരുകയാണ് ഡല്‍ഹിയില്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തന്നെ നേരിട്ട് ഊട്ടിയിലെ കൂനൂരിലേക്ക് തിരിക്കാനിരിക്കുകയാണ്. പ്രതിരോധമന്ത്രി വിവരങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. ഊട്ടിയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റില്‍ അപകടത്തെക്കുറിച്ച് വിശദീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.