യു.എസിനു പിന്നാലെ ബീജിങ് ശീതകാല ഒളിമ്പിക്സ് ബഹിഷ്‌കരിച്ച് ഓസ്ട്രേലിയയും

യു.എസിനു പിന്നാലെ ബീജിങ് ശീതകാല ഒളിമ്പിക്സ് ബഹിഷ്‌കരിച്ച് ഓസ്ട്രേലിയയും

സിഡ്നി: ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ബീജിങ് ശൈത്യകാല ഒളിമ്പിക്സില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കില്ലെന്ന് ഓസ്ട്രേലിയയും. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്സ് നയതന്ത്ര തലത്തില്‍ ബഹിഷ്‌കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഓസ്‌ട്രേലിയയും തീരുമാനം അറിയിച്ചത്.

'ഈ തീരുമാനത്തില്‍ അതിശയിക്കേണ്ടതില്ല. ചൈന എല്ലാ രംഗത്തും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമര്‍ത്തലുകളും നടത്തുകയാണ്. അവരുടെ പൗരന്മാര്‍ക്കെതിരെ മാത്രമല്ല ഹോങ്കോംഗിലും തായ്വാന് എതിരേയും നടത്തുകയാണ്. അത്തരം ഒരു രാജ്യത്തെ എങ്ങനെയാണ് സമാധാനത്തിന്റെ സന്ദേശം പകരുന്ന ഒളിമ്പിക്സിന്റെ വേദിയായി അംഗീകരിക്കാനാവുക. ഓസ്ട്രേലിയയുടെ ദേശീയ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാണ് ബഹിഷ്‌ക്കരണം-സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ചൈനയിലെ ഷിന്‍ജിയാന്‍ മേഖലയില്‍ ഉയിഗര്‍ വംശജര്‍ക്കെതിരേ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഓസ്‌ട്രേലിയുമായുള്ള മന്ത്രിതല ചര്‍ച്ചകള്‍ ബീജിങ് തുടര്‍ച്ചയായ മരവിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ സ്ഥിരമായി സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു

ഓസ്ട്രേലിയയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം അടുത്ത കാലത്ത് ഏറെ വഷളായിരുന്നു. അമേരിക്ക ഒളിമ്പിക്സില്‍ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും നിലപാട് പ്രഖ്യാപിച്ചത്.

സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും ഓസ്‌ട്രേലിയന്‍ ടീമിന്റെ തയ്യാറെടുപ്പുകളെ ഇത് ബാധിക്കില്ലെന്നും ഓസ്‌ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി (എ.ഒ.സി) അറിയിച്ചു. കോവിഡിന്റെ സങ്കീര്‍ണമായ സാഹചര്യത്തില്‍ ടീം അംഗങ്ങള്‍ക്ക് ചൈനയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തും. കായിക താരങ്ങളെ സുരക്ഷിതമായി ബീജിങ്ങിലെത്തിക്കുക, അവരെ സുരക്ഷിതമായി മത്സരിപ്പിക്കുക, തിരിച്ച് വീട്ടിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. താരങ്ങളെല്ലാം ഒളിമ്പിക്സിന് വേണ്ടി എല്ലാ തയാറെടുപ്പുകളും പരിശീലനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒളിമ്പിക്സ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി നാലിന് ആരംഭിക്കുന്ന ഒളിമ്പിക്സില്‍ ഓസ്ട്രേലിയയുടെ നാല്‍പതോളം താരങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ബീജിംഗ് ഒളിമ്പിക്സിനെതിരെ നിരവധി രാജ്യങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. കാനഡയാണ് ആദ്യം എതിര്‍പ്പ് ഉന്നയിച്ചത്. ഉയിഗറുകള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരതയ്ക്കെതിരെ വാണിജ്യ ഉപരോധമാണ് നിരവധി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.