ന്യൂഡൽഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി വൈകിട്ട് ആറരയ്ക്കാണ് യോഗം ചേരുക.
അതേസമയം രാഷ്ട്രപതി മുംബൈയിലെ പരിപാടികള്‍ റദ്ദാക്കി ഡൽഹിക്ക് മടങ്ങി. പാര്‍ലമെന്റില്‍ നാളെയായിരിക്കുന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉണ്ടാവുക.
രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ 13 പേര്‍ മരിച്ചെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഈ ദുരന്തത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ കാത്തിരിക്കുകയാണ് രാജ്യം. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കിലാണ് അപകടം നടന്നത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ആകെ 14 പേരുണ്ടായിരുന്നതില്‍ 13 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവരുടെ വിവരങ്ങളും മൃതദേഹങ്ങളും തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വ്യക്തമാക്കുന്നു.
അല്‍പസമയം മുൻപ് സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിലയിരുത്താനും അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു ഉന്നതതലയോഗം ഡൽഹിയില്‍ നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.