മുല്ലപ്പെരിയാര്‍ ഡാം: ജലം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ സമിതി രൂപവത്കരിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ ഡാം:  ജലം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ സമിതി രൂപവത്കരിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍

ന്യൂഡൽഹി: മുല്ലപെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപീകരിക്കണമെന്ന് കേരളം. രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് വീതം അംഗങ്ങൾ ഉൾപെടുന്നതാകണം സമിതിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ കേരളം ആവശ്യപ്പെട്ടു.

അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതിൽ നിന്ന് തമിഴ് നാടിനെ വിലക്കണം എന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.

മുല്ലപെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട് കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവുകൾ തമിഴ്നാട് സർക്കാരും മേൽനോട്ട സമിതിയും പാലിക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് അണക്കെട്ടിൽനിന്ന് ജലം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സാങ്കേതിക സമിതി രൂപവത്കരിക്കണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എത്ര അളവിൽ ജലം പുറത്തേക്കു വിടണം എന്ന് സമിതി നിശ്ചയിക്കണമെന്നും അപേക്ഷയിൽ ആവശ്യപെട്ടിട്ടുണ്ട്.

അണക്കെട്ടിൽ നിന്ന് പകൽ സമയത്ത് മാത്രമേ വെള്ളം തുറന്നുവിടാവൂ എന്ന് തമിഴ്നാടിനോട് നിർദേശിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകാൻ തമിഴ്നാടിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാർ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആ ആവശ്യം രേഖപെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.