ന്യൂഡൽഹി: എണ്‍പതുകളില്‍ ചമ്പല്‍ കാടുകളെ വിറപ്പിച്ച മുന്‍ കൊളളക്കാരി ഫൂലന്‍ ദേവിയുടെ തുണ്ടുഭൂമി ഗുണ്ടകളുടെ കൈയില്‍നിന്ന് വിട്ടുകിട്ടാന്‍ മുന്നിബായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ചമ്പല്‍ക്കാടുകളിലെ കിരീടം വെക്കാത്ത റാണിയായിരുന്ന ഫൂലന്‍ ദേവിയുടെ സംഘാംഗമായിരുന്നു മുന്നിബായി.
തന്റെ കൊളളസംഘത്തിനൊപ്പം കീഴടങ്ങിയപ്പോള്‍ സര്‍ക്കാര്‍ മുന്നിബായിക്ക് അനുവദിച്ച മൂന്ന് സെന്റ് ഭൂമിയാണ് ഗുണ്ടാസംഘം ഇപ്പോൾ കൈവശപ്പെടുത്തിയത്. കലക്ടറെയും എസ്പിയെയുമടക്കം നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ഒരു പരിഹാരവുമുണ്ടായില്ലെന്ന് മുന്നിബായി പറഞ്ഞു.
ഫൂലന്‍ ദേവിയുടെ കൂടെയുണ്ടായിരുന്ന കൊളളക്കാരന്‍ ഘാന്‍സാ ബാബയുടെ സംഘത്തിലെ അംഗമായിരുന്നു മുന്നിബായി. കൊളളസംഘത്തിലേക്ക് അവരെ കൊണ്ടുവന്നത് സ്വന്തം ഭര്‍ത്താവ് ബാബു ഖാന്‍ തന്നെയായിരുന്നു.
17 വയസുളളപ്പോഴാണ് ഇന്ദുര്‍ഖി ഗ്രാമത്തിലെ ബാബു ഖാനെ മുന്നിബായി വിവാഹം കഴിക്കുന്നത്. അതിനിടെ നാട്ടിലുണ്ടായ വലിയ സംഘര്‍ഷത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബാബു ഖാന്‍ മേല്‍ജാതിക്കാരുടെ ശത്രുവായി മാറി. തുടര്‍ന്നാണ് നാടുവിട്ടോടി ഇയാള്‍ ഘാന്‍സ ബാബയുടെ സംഘത്തിലെ അംഗമായത്. കൊളളസംഘത്തില്‍ അംഗമായി മാറിയ ബാബു ഖാന്‍ വൈകാതെ മുന്‍നിരയിലേക്കുയര്‍ന്നു.
ഭര്‍ത്താവിനെ പിടികൂടാനായി പോലീസ് മുന്നിബായിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടുകയും മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ മനം മടുത്ത് മുന്നിബായിയും ചമ്പല്‍ കാടുകളില്‍ അഭയം തേടി. ഭര്‍ത്താവിനൊപ്പം അവളും കൊളളസംഘത്തില്‍ ചേര്‍ന്നു. അവരുടെ സംഘത്തില്‍ 25 പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റുളളവര്‍ക്കൊപ്പം അങ്ങനെ അവളും തോക്കെടുക്കാന്‍ നിര്‍ബന്ധിതയായി. ഏഴു വര്‍ഷത്തോളം മുന്നിബായി സംഘത്തില്‍ താമസിച്ച് പലവിധ കുറ്റകൃത്യങ്ങളില്‍ ഭാഗമായി. വീടുകളില്‍ കയറി സ്ത്രീകളുടെ ആഭരണങ്ങള്‍ കൊളളയടിക്കുന്നതായിരുന്നു മുന്നിയുടെ പ്രധാന ജോലി. കൂടാതെ നിരവധി പേരെ ചിടികൂടി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.
പിന്നിട് 1983 -ല്‍ മറ്റ് കൊളളക്കാര്‍ക്കൊപ്പം മുന്നിബായിയും കീഴടങ്ങുകയായിരുന്നു. അതിനുശേഷം ലാഹാറിലെ ചിറൗലി ഗ്രാമത്തിനടുത്ത് സര്‍ക്കാര്‍ അവര്‍ക്ക് മൂന്ന് സെന്റ് ഭൂമി പതിച്ചു നല്‍കി. കീഴടങ്ങിയ മുന്നിബായി സര്‍ക്കാറുമായുണ്ടാക്കിയ കരാര്‍ പ്രകാരം 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങി നാട്ടിലെത്തിയപ്പോഴേക്കും ഗുണ്ടാസംഘം അവരുടെ ഭൂമി കയ്യേറിയിരുന്നു.
അപ്പോഴേക്കും മുന്നിബായിയുടെ സാമ്പത്തിക സ്ഥിതിയും തീരെ മോശമായി. മകളുടെ വിവാഹത്തിനായ് കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റതോടെ സര്‍ക്കാര്‍ നല്‍കിയ ഈ ഭൂമി മാത്രമായി ആശ്രയം. ഇപ്പോള്‍ മകളുടെ കൂടെയാണ് ഇവരുടെ താമസം. തന്റെ ഭൂമിയില്‍ ഒരു കൂര കെട്ടി അവിടെ താമസിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ അവിടെ വീട് പണിയാന്‍ ഭൂമി കൈയടക്കി വച്ചിരിക്കുന്ന ഗുണ്ടകള്‍ സമ്മതിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പലതവണ നിവേദനം നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അധികൃതരും അവര്‍ക്കൊപ്പമാണെന്ന് മുന്നിബായി പറഞ്ഞു.
അവര്‍ക്കിപ്പോള്‍ പ്രായം അറുപത് കഴിഞ്ഞു. വരുമാനമില്ല കയറി കിടക്കാന്‍ സ്വന്തമായി വീടില്ല. കഴിഞ്ഞ പത്തു വര്‍ഷമായി അവര്‍ അതിന്റെ പേരില്‍ കയറി ഇറങ്ങാത്ത ഓഫീസില്ല. കൊളളയും കൊലയുമുപേക്ഷിച്ച് പുതിയൊരു ജീവിതം ആഗ്രഹിച്ച അവരെ സഹായിക്കാന്‍ എന്നാല്‍ സര്‍ക്കാരുപോലും തയാറാകുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.