അയര്‍ലന്‍ഡ് നാഷണല്‍ പിതൃവേദിയുടെ 'പാട്രിസ് കോര്‍ഡെ'; വി. യൗസേപ്പിതാവിന്റെ വര്‍ഷ സമാപനം ഇന്ന്

അയര്‍ലന്‍ഡ് നാഷണല്‍ പിതൃവേദിയുടെ 'പാട്രിസ് കോര്‍ഡെ'; വി. യൗസേപ്പിതാവിന്റെ വര്‍ഷ സമാപനം ഇന്ന്

ഡബ്ലിന്‍: അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷ സമാപനം 'പാട്രിസ് കോര്‍ഡെ' ഇന്ന് വൈകിട്ട് എട്ടിന് സൂം മീറ്റിങ്ങില്‍ നടക്കും. അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭയുടെ പിതൃവേദിയുടെ ആഭിമുഖ്യത്തിലാണു പരിപാടി.

റവ. ഡോ. ജോസഫ് കറുകയിലിന്റെ കാര്‍മികത്വത്തില്‍ വി. യൗസേപ്പിതാവിനോടുള്ള നൊവേനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കും. പിതൃവേദി നാഷണല്‍ പ്രസിഡന്റ് തോംസണ്‍ തോമസ് സ്വാഗതം ആശംസിക്കും. സിറോ മലബാര്‍ ചര്‍ച്ച് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലെമന്റ് പാടത്തിപ്പറമ്പില്‍ ആമുഖപ്രസംഗം നടത്തും.

പിതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, അയര്‍ലന്‍ഡ് കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണല്‍ വൈസ് പ്രഡിഡന്റ് രാജു കുന്നക്കാട്ട് എന്നിവര്‍ ആശംസകള്‍ നേരും. സെക്രട്ടറി ഫ്രാന്‍സിസ് ജോസഫ് നന്ദി പറയും.

എസ്.എം.വൈ.എം. പ്രസിഡന്റ് സെറീന റോസ് ജോയ്‌സ് നയിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലും കുസൃതി ചോദ്യങ്ങളിലും വിജയിക്കുന്നവര്‍ക്ക് കാഷ് പ്രൈസ് സമ്മാനമായി നല്‍കും. തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.

സിറോ മലബാര്‍ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിന്‍സി ജിജി, ഡബ്ലിന്‍ സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യന്‍, ബെന്നി ജോണ്‍, അയര്‍ലന്‍ഡ് ഫാമിലി അപ്പസ്‌തോലിക് സെക്രട്ടറി അല്‍ഫോന്‍സാ ബിനു, പിതൃവേദി ട്രഷറര്‍ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യന്‍ (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിയോ ജോസഫ്, മേഖലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2021 യൗസേപ്പിതാവിനു സമര്‍പ്പിച്ചു. 'പാട്രിസ് കോര്‍ഡ്' എന്ന പേരില്‍ അപ്പസ്‌തോലിക കത്തും മാര്‍പാപ്പ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടു മുതല്‍ ആരംഭിച്ച യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയര്‍ലന്‍ഡ് സിറോ മലബാര്‍ സഭയില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് 'സാദരം' എന്നപേരില്‍ സംഘടിപ്പിച്ച സൂം കൂട്ടായ്മയില്‍ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അന്‍പതിലധികം വൈദികര്‍ 'സാദരം' പരിപാടിയില്‍ പങ്കെടുത്ത് സന്ദേശം നല്‍കി.

അമലോല്‍ഭവ തിരുനാളിന്റെ മംഗളങ്ങള്‍ നേര്‍ന്ന് ഏവരെയും സൂം മീറ്റിംഗിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.