ഊട്ടിയിലെ 'ചതിക്കുന്ന മഞ്ഞ്' തിരിച്ചറിഞ്ഞ ജയലളിത നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യാത്ര റോഡ് മാര്‍ഗമാക്കിയിരുന്നു

ഊട്ടിയിലെ  'ചതിക്കുന്ന മഞ്ഞ്' തിരിച്ചറിഞ്ഞ ജയലളിത നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ യാത്ര റോഡ് മാര്‍ഗമാക്കിയിരുന്നു

ഊട്ടി: ഊട്ടിയില്‍ നവംബര്‍, ഡിസംബര്‍ കാലത്തെ മഞ്ഞ് വില്ലനാണെന്നു തിരിച്ചറിഞ്ഞ ഭരണാധികാരിയായിരുന്നു തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത. ഇഷ്ട വിശ്രമ കേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്കു കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങി സൂലൂരില്‍ നിന്നു ഹെലികോപ്റ്ററിലാണ് പോകാറുള്ളതെങ്കിലും നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ യാത്ര കാറില്‍ ആയിരുന്നു.

ഹെലികോപ്റ്റര്‍ യാത്രയ്ക്കു പ്രശ്നങ്ങളില്ലെന്ന് അറിയിപ്പു ലഭിച്ചാലും വേണ്ടെന്നു ജയലളിത പറയുമായിരുന്നു. 'ചതിക്കുന്ന മഞ്ഞ്' എന്നാണ് ഈ സീസണിലെ കോടയെ പ്രദേശ വാസികള്‍ വിശേഷിപ്പിക്കുന്നത്.

ഇന്നലെ മരിച്ച ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടതും കനത്ത മൂടല്‍ മഞ്ഞില്‍ പൈലറ്റിന്റെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. റാവത്തിന്റെ ഭാര്യ മധുലിക, ഡിഫന്‍സ് അസിസ്റ്റന്റ്, വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്കുള്ള റാവത്തിന്റെ യാത്ര മോശം കാലാവസ്ഥ മൂലം ആദ്യം കാര്‍ മാര്‍ഗമാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഹെലികോപ്ടറില്‍ തന്നെ പുറപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഊട്ടിയിലും കൂനൂരിലും കാഴ്ച മറയ്ക്കുന്ന വിധം കനത്ത മൂടല്‍മഞ്ഞായിരുന്നു. ചൊവ്വാഴ്ച അല്‍പം കുറവുണ്ടായിരുന്നെങ്കിലും ഇന്നലെ വീണ്ടും കനത്തു. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും കനത്ത കോട മഞ്ഞായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.