ധീര ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരവ്; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ധീര ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരവ്; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മൃതദേഹങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സേനാ മേധാവിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലാണ് 13 മൃതദേഹങ്ങളും സുലൂരില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്. രാത്രി 8.30തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെയാണ് പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇവരുടെ സംസ്‌കാരം ഡല്‍ഹി കന്റോണ്‍മെന്റില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ജനറല്‍ ബിപിന്‍ റാവത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങ്. പ്രധാനമന്ത്രിയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയല്‍ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങള്‍ വിട്ടു നല്‍കുക.

കൂടാതെ പൊതുജനങ്ങള്‍ക്കും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരം ഒരുക്കും. നാളെ രാവിലെ 11 മണി മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാം. 12.30 മുതല്‍ 1.30 വരെ സൈനിക ഉദ്യോഗസ്ഥര്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്.

വെല്ലിങ്ടണില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സൈനിക ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, മറ്റ് ഭരണാധികാരികള്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.