ഒക് ലഹോമ: 79 കാരനായ കൊലക്കേസ് പ്രതിയുടെ വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. ഈ വര്‍ഷം അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയനായ 11-ാമത്തെ വ്യക്തിയാണ് കോടതിയുടെ വിധി പ്രകാരം മാരകമായ കുത്തിവയ്പ്പിനു വിധേയനായ ബിഗ്ലര്‍ സ്റ്റൗഫര്‍.
1985-ല്‍ സ്‌കൂള്‍ അധ്യാപികയായ ലിന്‍ഡ റീവ്‌സിന്റെ ജീവനെടുത്തതിനും അവരുടെ കാമുകന്‍ ഡഗ് ഇവെന്‍സിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ബിഗ്ലര്‍ സ്റ്റൗഫര്‍ 35 വര്‍ഷം മുമ്പു ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷകള്‍ പല തവണ നിരസിക്കപ്പെട്ടു. അവസാന അഭ്യര്‍ത്ഥന സുപ്രീം കോടതിയും ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റും തള്ളിയതിനെത്തുടര്‍ന്നാണ് സ്റ്റൗഫറിനെ മക്അലെസ്റ്ററിലെ ഒക് ലഹോമ സ്റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ വധിച്ചത്.
മാരകമായ മരുന്നുകളുടെ ഒരു മിശ്രിതം ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഒക് ലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍ വക്താവ് പറഞ്ഞു.ഈ വര്‍ഷം ഒക് ലഹോമയില്‍ വധശിക്ഷയ്ക്കു വിധേയനായ രണ്ടാമത്തെ വ്യക്തിയാണ് സ്റ്റൗഫര്‍. 60 കാരനായ ജോണ്‍ ഗ്രാന്റ് ആണ് ഇതിനു മുമ്പ് ഇവിടെ വധിക്കപ്പെട്ടത്. കൊലപാതകിയായിരുന്ന അയാള്‍ ഒക്ടോബറില്‍ മാരകമായ കുത്തിവയ്പ്പിലൂടെ കൊല്ലപ്പെടുമ്പോള്‍ ഛര്‍ദ്ദിക്കുകയും ഹൃദയാഘാതം അനുഭവിക്കുകയും ചെയ്തുവെന്ന് സാക്ഷികള്‍ പറഞ്ഞു.
2015 നു ശേഷം ഒക് ലഹോമയില്‍ വധശിക്ഷയ്ക്ക് വിധേയനായ ആദ്യത്തെയാളാണ് ഗ്രാന്റ്. തുടര്‍ച്ചയായ വധശിക്ഷകള്‍ നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് വധശിക്ഷയ്ക്ക് താല്‍ക്കാലിക മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു.1972-ല്‍ യുഎസ് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയെങ്കിലും നാല് വര്‍ഷത്തിന് ശേഷം വധശിക്ഷ പുനഃസ്ഥാപിച്ചു. അമേരിക്കയില്‍ വര്‍ഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞുവരികയാണ്.
23 യുഎസ് സംസ്ഥാനങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുകയാണ്.കാലിഫോര്‍ണിയ, ഒറിഗോണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തി. ഈ വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ മൂന്ന് ഫെഡറല്‍ വധശിക്ഷകളും എട്ട് സംസ്ഥാന വധശിക്ഷകളും ഉണ്ടായിട്ടുണ്ട്: ടെക്‌സസില്‍ മൂന്ന്, ഒക്ലഹോമയില്‍ രണ്ട്, അലബാമ, മിസിസിപ്പി, മിസോറി എന്നിവിടങ്ങളില്‍ ഒന്ന് വീതം.
ഈ വര്‍ഷം കൂടുതല്‍ വധശിക്ഷകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു. 2020-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 17 വധശിക്ഷകള്‍ നടപ്പാക്കി. കോവിഡ് -19 പാന്‍ഡെമിക് കാരണം നിരവധി സംസ്ഥാനങ്ങള്‍ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറല്‍ വധശിക്ഷ പുനരാരംഭിച്ചത് അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കയ്യെടുത്താണ്. ജനുവരിയില്‍ അധികാരമേറ്റതിന് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ ഫെഡറല്‍ വധശിക്ഷകള്‍ നിര്‍ത്തിവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.