ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ധീര സൈനികൻ ബ്രിഗേഡിയർ എസ്.എൽ ലിഡ്ഡറിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് യാത്രാമൊഴി നൽകിയത്. എൻഎസ്എ അജിത് ഡോവലും ചടങ്ങിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അർപ്പിച്ചു.
മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് കുന്നൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ വിടവാങ്ങിയത്. ജമ്മു കശ്മീരിലെ ഭീകരർക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച ലിഡ്ഡർ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലെറെയായി ജനറൽ ബിപിൻ റാവത്തിന്റെ വിശ്വസ്തനായി പ്രവർത്തിച്ചു വരികയായിരുന്നു ലഖ്‌ബിന്ദർ സിങ് ലിഡ്ഡർ. സേവനങ്ങൾക്കുള്ള അംഗീകരമായി മേജർ ജനറൽ ആയി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ലിഡ്ഡറിനെ വിധി തട്ടിയെടുത്തത്.
മുൻപും ജനറൽ ബിപിൻ റാവത്തിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലിഡ്ഡറിന് ലഭിച്ചിരുന്നു. ഈ പരിചയമാണ് അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ഡിഫെൻസ് അസിസ്റ്റന്റ് സ്ഥാനത്തേക്ക് ബ്രിഗേഡിയർ ലിഡ്ഡറിനെ എത്തിച്ചത്. ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡായിരുന്ന ബ്രിഗേഡിയർ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ച ധീര സൈനികനായിരുന്നു. ആർമിയിൽ കേണൽ ആയിരുന്ന പിതാവിന്റെ പാത പിന്തുടർന്നാണ് ലിഡ്ഡർ ആർമിയിൽ ചേർന്നത്. രാജ്യത്തിന് വേണ്ടി നടത്തിയ സ്തുത്യർഹ സേവനങ്ങൾക്കായി ധീരതക്കുള്ള സേന മെഡലും വിശിഷ്ട സേവ മെഡലും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.