ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇനി ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ നിലീമ ബെന്ദാപുഡി. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാകും പ്രൊഫ. നിലിമ. വെള്ളക്കാര്‍ മാത്രം അലങ്കരിച്ചിട്ടുള്ള പദവിയാണിത്.
വിശാഖപട്ടണത്തു നിന്ന് 1986-ല്‍ ഉപരിപഠനത്തിനായി യുഎസിലെത്തിയ മിസ് ബെന്ദാപുഡി കെന്റക്കിയിലെ ലൂയിസ് വില്ലെ സര്‍വകലാശാലയില്‍ പ്രസിഡന്റും മാര്‍ക്കറ്റിംഗ് പ്രൊഫസറുണാണിപ്പോള്‍.പെന്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അവരെ ഏകകണ്ഠമായാണ് 19-ാമത് പ്രസിഡന്റായി തിരഞ്ഞെടുത്തതെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.
'പെന്‍ സ്റ്റേറ്റ് ഒരു ലോകോത്തര സര്‍വ്വകലാശാലയാണ്, കോമണ്‍വെല്‍ത്തിലും അതിനപ്പുറവും ഉള്ള മികച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്റ്റാഫുകളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ഈ ഊര്‍ജ്ജസ്വലമായ സമൂഹത്തില്‍ ചേരുന്നതില്‍ എനിക്ക് അഭിമാനവും ആവേശവുമാണുള്ളത്' തന്റെ പുതിയ ദത്യത്തെക്കുറിച്ച് ബെന്ദാപുഡി പറഞ്ഞു. ' ഓരോ കാമ്പസിലും പെന്‍ സ്റ്റേറ്റിനെ പുതിയ ഉയരങ്ങളിലെത്താന്‍ സഹായിക്കുകയെന്നത് എന്റെ ദൗത്യമാകും.'
30 വര്‍ഷത്തിലേറെയായി പെന്‍ സ്റ്റേറ്റില്‍ സേവനമനുഷ്ഠിച്ച ശേഷം വിരമിക്കുന്ന പ്രസിഡന്റ് എറിക് ജെ ബാരോണിന്റെ പിന്‍ഗാമിയായാണ് പ്രൊഫ. ബെന്ദാപുഡി എത്തുന്നത്.'ഡോ. ബെന്ദാപുഡിയെ പെന്‍ സ്റ്റേറ്റിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.' ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ മാറ്റ് ഷൂയ്‌ലര്‍ പറഞ്ഞു.
ലൂയിസ് വില്ലെ സര്‍വകലാശാലയുടെ 18-ാമത്തെ പ്രസിഡന്റായ ബെന്ദാപുഡി, മാര്‍ക്കറ്റിംഗിലും ഉപഭോക്തൃ പെരുമാറ്റത്തിലും വൈദഗ്ദ്ധ്യം നേടിയ ഉന്നത വിദ്യാഭ്യാസ രംഗത്തെ അംഗീകൃത പ്രതിഭയാണ്. 30 വര്‍ഷത്തെ കരിയറില്‍, അവര്‍ മാര്‍ക്കറ്റിംഗ് പഠിപ്പിക്കുകയും കന്‍സാസ് സര്‍വകലാശാലയിലെ പ്രൊവോസ്റ്റും എക്സിക്യൂട്ടീവ് വൈസ് ചാന്‍സലറും ഉള്‍പ്പെടെ നിരവധി ഭരണപരമായ റോളുകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇനിഷ്യേറ്റീവ് ഫോര്‍ മാനേജിംഗ് സര്‍വീസസിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.