യാഥാസ്ഥിതിക വിശ്വാസ രീതികളുടെ സംരക്ഷകനായിരുന്ന വിശുദ്ധ ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പ

യാഥാസ്ഥിതിക വിശ്വാസ രീതികളുടെ സംരക്ഷകനായിരുന്ന വിശുദ്ധ ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പ

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 11

റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം പ്രഖ്യാപിക്കപ്പെട്ടത് ഡമാസസ് ഒന്നാമന്‍ മാര്‍പാപ്പയായിരുന്ന കാലത്താണ്. ആരാധനാ ക്രമത്തിലും പ്രാര്‍ഥനകള്‍ക്കും ശരിയായ രൂപം കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു.

റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ഡമാസസ് ജനിച്ചത്. ഡമാസസിന്റെ പിതാവ് തന്റെ ഭാര്യയുടെ മരണശേഷം പുരോഹിതനായ വ്യക്തിയായിരുന്നു. റോമിലെ സെന്റ് ലോറന്‍സ് ദേവാലയത്തില്‍ പിതാവിനൊപ്പം ഡീക്കനായി ഡമാസസും സേവനം അനുഷ്ഠിച്ചു പോന്നു. പുരോഹിതനായ ശേഷം, മാര്‍പാപ്പയായിരുന്ന ലിബേരിയൂസിന്റെ സെക്രട്ടറിയായി ജോലി നോക്കി.

ലിബേരിയൂസ് മരിച്ചപ്പോള്‍ പുതിയ പോപ്പായി ഡമാസസ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം ഉര്‍സിനസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഇരു മാര്‍പാപ്പമാരും റോമില്‍ ഭരണം നടത്തി. ഇരുവരുടെയും അനുയായികള്‍ തമ്മില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലും ഉണ്ടായിക്കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് വലെന്‍ഷിയന്‍ ചക്രവര്‍ത്തി ഈ തര്‍ക്കത്തില്‍ ഇടപെടുകയും ഉര്‍സിനസിനെ പുറത്താക്കുകയും ചെയ്തു.

യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു ഡമാസസ് പാപ്പ. മാസെഡോണിയൂസ്, അപ്പോളിനാരിസ് തുടങ്ങിയവര്‍ പ്രചരിപ്പിച്ച മതാചാര രീതികളെ അദ്ദേഹം എതിര്‍ത്തു. ആര്യനിസത്തെയും വിഗ്രഹാരാധനയെയും പ്രോത്സാഹിപ്പിക്കുന്ന വിജാതീയ മതങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ലത്തീന്‍ ഭാഷയെ സഭയുടെ പ്രധാന ആരാധനാ ഭാഷയായി തിരഞ്ഞെടുത്തതും ഡമാസസായിരുന്നു.

പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വിശുദ്ധനായ ജെറോമിനെ വിശുദ്ധ ഗ്രന്ഥം ലത്തീനിലേക്ക് പരിഭാഷപ്പെടുത്താന്‍ ഡമാസസ് ചുമതലപ്പെടുത്തി. ജെറോമിന്റെ വിശ്വാസത്തിന്റെ ആഴവും അറിവും മനസിലാക്കിയ ഡമാസസ് അദ്ദേഹത്തെ തന്റെ സെക്രട്ടറിയാക്കുകയും ചെയ്തു.

ആദിമ സഭാപിതാക്കന്‍മാരുടെ പല ഗ്രന്ഥങ്ങളും ഡമാസസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം ജെറോം പരിഭാഷപ്പെടുത്തി. രക്തസാക്ഷികളെ ആദരിക്കുന്നതിനായി അവരുടെ ശവകുടീരങ്ങള്‍ ഭംഗിയായി അലങ്കരിക്കുകയും അവിടെയെല്ലാം തിരുവചനങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തത് ഡമാസസ് ആയിരുന്നു. എ.ഡി 366 മുതല്‍ പതിനെട്ടു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയായിരുന്നു. 384 ഡിസംബര്‍ പത്തിന് മരണമടഞ്ഞു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഈജിപ്തിലെ ഡാനിയേല്‍

2. പേര്‍ഷ്യക്കാരനായ ബര്‍സബസ്

3. സ്‌പെയിന്‍കാരനായ എവുറ്റിക്കിയസ്

4. വെല്‍ഷു സന്യാസിയായിരുന്ന സിയാന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.