തുടര്‍ച്ചയായ അഞ്ചാം തവണയും കാള്‍സന് ലോക ചെസ് കിരീടം; സമ്മാനം 17 കോടി

തുടര്‍ച്ചയായ അഞ്ചാം തവണയും കാള്‍സന് ലോക ചെസ് കിരീടം; സമ്മാനം 17 കോടി

ദുബായ്: ലോക ചെസ് കിരീടം തുടർച്ചയായ അഞ്ചാം തവണയും നേടി മാഗ്നസ് കാൾസൻ. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് നോർവീജിയൻ താരം കിരീടം നിലനിർത്തുകയായിരുന്നു. ഫൈനലില്‍ റഷ്യക്കാരനായ ഇയാന്‍ നിപോം നിഷിയെ കീഴടക്കിയാണ് തുടര്‍ച്ചയായി അഞ്ചാം തവണയും മാഗ്നസ് കാൾസൻ ജേതാവായത്. ദുബായ് എക്സിബിഷന്‍ സെന്ററില്‍ പതിനൊന്നില്‍ നാല് കളി ജയിച്ച്‌ ഏഴര പോയിന്റോടെയാണ് അപൂര്‍വനേട്ടം.

ഇന്നലെ പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാള്‍സന്‍ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. ആകെയുള്ള 14 ഗെയിമില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ചാമ്പ്യൻ. നിപോം നിഷിക്ക് മൂന്നര പോയിന്റാണുള്ളത്. കാള്‍സന്‍ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങള്‍ ബാക്കിയായി. നിപോം നിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു.

ആറാം ഗെയിമില്‍ കാള്‍സന്‍ ജയിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് എട്ടാമത്തേയും ഒമ്പതാമത്തേയും പതിനൊന്നാമത്തേയും കളിയില്‍ മുപ്പത്തൊന്നുകാരന്‍ വിജയിച്ചു. ആദ്യ ഗെയിമുകളില്‍ മികവുകാട്ടിയ നിപോ കാള്‍സന്റെ ആദ്യ ജയത്തോടെ മങ്ങിപ്പോയി. പതിനൊന്നാം ഗെയിം ഏറെ സവിശേഷമായിരുന്നു.

ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഓപ്പണിങ്ങായ ജ്വോക്കോ പ്യാനോ അഥവാ ഇറ്റാലിയന്‍ ഗെയിം ആദ്യമായി പ്രാരംഭമുറയായി പരീക്ഷിക്കപ്പെട്ടു. സമനിലയിലേക്ക് നീങ്ങിയ കളിയ്ക്ക് ജീവന്‍ നല്‍കിയത് നിപോയുടെ 23–-ാം നീക്കമാണ്. നാല് പോയിന്റ് വ്യത്യാസത്തില്‍ ലോക ചാമ്പ്യൻ പിറക്കുന്നത് നൂറ്റാണ്ടിനുശേഷം ആദ്യമാണ്.

ഇതിനുമുമ്പ് 1921ല്‍ ക്യൂബക്കാരനായ ജോസ് റൗള്‍ കാപ്ബ്ലാങ്കയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച്‌ 2013ലാണ് കാള്‍സന്‍ ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നുതവണകൂടി ജേതാവായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.