ന്യൂഡല്‍ഹി: കണ്ണൂര്‍, കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടിക്കെതിരെ മാധ്യമങ്ങളോടും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍വകലാശാല പ്രവര്‍ത്തനങ്ങളില്‍ തന്റെ കൈ കെട്ടിയിടാന്‍ ശ്രമം നടക്കുന്നു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ല. രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ പദവി ഒഴിയാന്‍ താന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്ന് നിരന്തരം അറിയിച്ചിട്ടും നടപടി എടുക്കാത്തതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുമായി പരമാവധി സഹകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മറിച്ചാണ്. സര്‍വകലാശാലകളുടെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനാണ് ചാന്‍സലര്‍ പദവി ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇവിടെ തനിക്ക് പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട സ്ഥിതിയാണുള്ളത്. അനധികൃത നിയമങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എല്ലായിടത്തും വേണ്ടപ്പെട്ടവരെ കുത്തി നിറയ്ക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.
കാലടി സര്‍വകലാശാല നിയമത്തിന് ഒറ്റപ്പേര് മാത്രം ശുപാര്‍ശ ചെയ്തത് പൂര്‍ണ ലംഘനമാണ്. ഒന്നില്‍ കൂടുതല്‍ പേരുകളുണ്ടെങ്കില്‍ അതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ തനിക്ക് സാധിക്കുമായിരുന്നു. ഒരാളുടെ പേര് മാത്രം നല്‍കിയത് തന്റെ കൈ കെട്ടിയിടാനുള്ള ശ്രമമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.