തൃശൂര്‍: കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജന്‍മനാടായ തൃശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. ഇവിടെ പൊതുദര്‍ശനം തുടരുകയാണ്. പിന്നീട് മൃതദേഹം പ്രദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തുന്നത്.
സ്‌കൂളില്‍ ഒരു മണിക്കൂറോളം നേരം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചരയോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
ഉച്ചയോടെ റോഡുമാര്‍ഗം കോയമ്പത്തൂരില്‍ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമര്‍പ്പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേര്‍ കാത്തുനിന്നു.
വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജന്‍ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം അല്‍പ്പ സമയം മുമ്പാണ് വീട്ടില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന പിതാവ് രാധാകൃഷ്ണനെ അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.