നിയന്ത്രണം കടുപ്പിക്കണം: കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

നിയന്ത്രണം കടുപ്പിക്കണം: കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ  നിര്‍ദ്ദേശം

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. പൊതുജനങ്ങള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം, രാത്രികാല കര്‍ഫ്യൂ എന്നിവയുൾപ്പെടെ ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളില്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. പൊതുചടങ്ങുകളില്‍ ആളുകള്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് കേന്ദ്രം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടിപിആര്‍ ഉയര്‍ന്ന രാജ്യത്തെ 27 ജില്ലകളില്‍ ഒമ്പതെണ്ണം കേരളത്തിലേതാണ്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് ഈ പട്ടികയില്‍ ഉള്ളത്.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും മഹാരാഷ്ട്രയിലാണ്. 17 പേര്‍ക്ക്. ഇതോടെ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാന്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം വി.കെ പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇത് കൂടാതെ രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും എന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.