വിസിറ്റേഷന്‍ സന്യാസിനീ സഭയ്ക്ക് തുടക്കം കുറിച്ച വിശുദ്ധ ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍

വിസിറ്റേഷന്‍ സന്യാസിനീ സഭയ്ക്ക് തുടക്കം കുറിച്ച വിശുദ്ധ ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 12

ര്‍ഗന്റി പാര്‍ലമെന്റിന്റെ പ്രസിഡന്റായിരുന്ന ബെനീഞ്ഞിയൂ ഫ്രെമിയോട്ടിന്റെ രണ്ടാമത്തെ മകളാണ് ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍. 1572 ജനുവരി 28 നായിരുന്നു ജനനം. അവളുടെ ബാല്യത്തില്‍ തന്നെ അമ്മ മരിച്ചതിനാല്‍ പിതാവാണ് കാര്യങ്ങളെല്ലാം നോക്കിയത്.

ജെയിനിന് ഇരുപത് വയസുള്ളപ്പോള്‍ 1592 ല്‍ ഫ്രഞ്ചു സൈന്യത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായ ബാരണ്‍ ദെ ഷന്താളിന്റെ പത്‌നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. എന്നാല്‍ 1601 ലെ ഒരു വെടിവെപ്പില്‍ ബാരണ്‍ ദെ ഷന്താള്‍ ആകസ്മികമായി മരണപ്പെട്ടു. ഒരാണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് അവര്‍ക്കുണ്ടായിരുന്നത്.

തന്റെ മക്കളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി ജെയിന്‍ മോന്തെലോണിലുള്ള ഭര്‍തൃപിതാവിന്റെ പക്കല്‍ പോയി അവിടെ താമസമാക്കി. അദ്ദേഹമാകട്ടെ കര്‍ക്കശക്കാരിയും ദുഷ്ടയുമായ ഒരു ദാസിയാല്‍ നയിക്കപ്പെടുന്നവനായിരുന്നു. എന്നാല്‍ അവള്‍ വളരെ ക്ഷമയോടും മാന്യതയോടും കൂടി ഏഴു വര്‍ഷത്തോളം അവിടെ കഴിഞ്ഞു.

1604 ലെ നോമ്പ് കാലത്ത് അവള്‍ ദി ജോണിലുള്ള തന്റെ പിതാവിന്റെ അടുക്കല്‍ പോയി. അവിടെ വെച്ച് ജെയിന്‍ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ താന്‍ ദര്‍ശനത്തില്‍ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവള്‍ക്ക് മനസിലാവുകയും അദ്ദേഹത്തെ തന്റെ മാര്‍ഗ നിര്‍ദ്ദേശകനായി സ്വീകരിക്കുകയും ചെയ്തു.

പതിനാല് വയസുള്ള തന്റെ മകന്റെ വിദ്യാഭ്യാസവും സുരക്ഷയും തന്റെ പിതാവിന്റെയും സഹോദരനായ ബോര്‍ജസിലെ മെത്രാപ്പോലീത്തയുടെയും പക്കല്‍ സുരക്ഷിതമായപ്പോള്‍ അവള്‍ തന്റെ ദൈവവിളി നിറവേറ്റുന്നതിനായി അന്നെസിയിലേക്ക് പോയി. അവിടെ ജെയിന്‍ 'വിസിറ്റേഷന്‍' എന്ന സന്യാസിനീ സഭയ്ക്ക് തുടക്കം കുറിച്ചു. തന്റെ രണ്ടു പെണ്മക്കളും ഒപ്പമുണ്ടായിരുന്നു.

1610 ജൂണ്‍ ആറിനാണ് തിരുസഭാ ചട്ടപ്രകാരം 'വിസിറ്റേഷന്‍' സന്യാസിനീ സഭ നിലവില്‍ വന്നത്. അക്കാലത്തെ കര്‍ക്കശമായ സന്യാസ രീതികള്‍ പാലിക്കുവാന്‍ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു ഈ സഭയുടെ ലക്ഷ്യം.

ജെയിനിന്റെ ശേഷിച്ച ജീവിതം ഏറ്റവും ശ്രേഷ്ടതയാര്‍ന്ന നന്മ പ്രവര്‍ത്തികളുമായി ആശ്രമത്തില്‍ തന്നെയായിരുന്നു. കാരുണ്യത്താല്‍ ഉത്തേജിപ്പിക്കപ്പെട്ടതും പരിത്യാഗത്തിന്റേതുമായ മനോഭാവവുമാണ് ഗുരുവായ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസില്‍ മുന്നിട്ട് നിന്നിരുന്നതെങ്കില്‍ ജെയിന്‍ ഫ്രാന്‍സിസിലാകട്ടെ അടിയുറച്ചതും പതറാത്തതുമായ മനോബലവുമായിരുന്നു പ്രബലമായിരുന്നത്.

വൈകാതെ ജെയിനിന്റെ കീര്‍ത്തി പരക്കെ വ്യാപിച്ചു. രാജകുമാരന്മാരും രാജകുമാരിമാരും വിശുദ്ധയെ കാണുവാനായി ആശ്രമത്തിലെത്തുമായിരുന്നു. എവിടെയൊക്കെ അവര്‍ മഠങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നുവോ അവിടെയെല്ലാം ആളുകള്‍ തടിച്ചുകൂടി. 1641 ഡിസംബര്‍ 13 ന് മൂലിനായിലെ വിസിറ്റേഷന്‍ മഠത്തില്‍ വച്ച് ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിശുദ്ധയുടെ ഭൗതിക ദേഹം അന്നെസിയിലെ വിസിറ്റേഷന്‍ ആശ്രമത്തിലെ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് ഡെ സാലെസിന്റെ മൃതദേഹത്തിനരികിലായി അടക്കം ചെയ്തു. 1751 ല്‍ വിശുദ്ധ പദവിക്കായി നാമകരണം ചെയ്യപ്പെടുകയും 1767 ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കൊളുമ്പാ

2. പോയിറ്റേഴ്‌സിലെ അബ്രാ

3. അയര്‍ലന്‍ഡിലെ ഗ്ലെന്റലൂഫിലെ കോള്‍മന്‍

4. അലക്‌സാണ്ട്രിയായിലെ അലക്‌സാണ്ടറും എപ്പിമാക്കസും

5. അലക്‌സാണ്ട്രിയന്‍ വനിതകളായ അമ്മോണാരിയ, മെര്‍ക്കുറിയാ, ഡിയോനെഷ്യാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.