കൊച്ചി : രാജ്യത്തെ മികച്ച സന്നദ്ധപ്രവര്‍ത്തകനുള്ള കാരിത്താസ് ഇന്ത്യയുടെ സ്‌പെഷല്‍ കോമ്രേഡ് അവാര്‍ഡിന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അര്‍ഹനായി. കോവിഡ് മഹാമാരിക്കാലത്ത് തലശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലൂടെ കക്ഷി മത രാഷ്ട്രീയഭേദമന്യേ സേവനത്തിന്റെയും കരുതലിന്റെയും കരുണയുടെയും കരങ്ങളാല്‍ നാടിനെ സുരക്ഷിതമായി ചേര്‍ത്തുപിടിച്ചതിനാണ് പുരസ്‌കാരം.
കോവിഡ് കാലത്ത് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വ ത്തില്‍ അതിരൂപതയിലെ വൈദികരും യുവജനങ്ങളും ഉള്‍പ്പെടെ 1500ല്‍പ്പരം അംഗങ്ങളുമായി സമരിറ്റന്‍ സന്നദ്ധസേന രൂപീകരിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അദ്ദേഹവും ടീമംഗങ്ങളും നേരിട്ട് പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. കോവിഡ് മൂലം മരിച്ച പതിനാറു പേരുടെ മൃതസംസ്‌കാര ചടങ്ങുകളില്‍ സമരിറ്റന്‍ സേനയില്‍ സന്നദ്ധപ്രവര്‍ത്തകനായിക്കൊണ്ട് നേതൃത്വം നല്‍കുവാനും അതിലൂടെ കോവിഡ് മുന്നേറ്റ പോരാളികള്‍ക്കു പ്രചോദനമാകാനും മാര്‍ ജോസഫ് പാംപ്ലാനിക്കു കഴിഞ്ഞു.
കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയുമായി ചേര്‍ന്ന് സാധാരണക്കാര്‍ക്ക് സൗജന്യമായ നിരക്കില്‍ ചികിത്സ ഉറപ്പാക്കുവാന്‍ 60 ലക്ഷം രൂപയിലേറെ ചെലവഴിച്ച് കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, മൂന്നു ലക്ഷം തൂവാലകളുടെ വിതരണവുമായി തൂവാല വിപ്ലവം, പോലീസ് സ്‌റ്റേഷന്‍, ചെക്ക് പോസ്റ്റ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍, വിവിധയിടങ്ങളില്‍ മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാന്പുകള്‍, മെഡിക്കല്‍ ആന്‍ഡ് ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം, ലോക്ഡൗണ്‍ കാലത്ത് പോലീസുകാര്‍ക്കും അഗതികള്‍ക്കും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്കും ഭക്ഷണവിതരണം, കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വലിയതോതിലുള്ള വിതരണം തുടങ്ങീ നിരവധി പദ്ധതികള്‍ ഏകോപിപ്പിക്കുവാന്‍ അദ്ദേഹം മുന്നിലുണ്ടായിരിന്നു.
വിവിധയിടങ്ങളില്‍ സാനിറ്റൈസര്‍ വിതരണവും കോവിഡ് ബോധവത്കരണവും, പൊതുമേഖലാസ്ഥാപനങ്ങളിലും കോടതിയിലും സാനിറ്റൈസര്‍ സ്റ്റാന്‍ഡ് വിതരണവും കൈ കഴുകാന്‍ സൗകര്യമൊരുക്കലും, ജയിലുകളില്‍ മാസ്‌ക് നിര്‍മാണത്തിനു തയ്യല്‍ മെഷീനുകളുടെ വിതരണം, കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി നബാര്‍ഡുമായി സഹകരിച്ച് 11 കോടിയില്‍പ്പരം രൂപയുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കൊപ്പം പ്രോത്സാഹനവും പിന്തുണയുമായി മാര്‍ ജോസഫ് പാംപ്ലാനി നിലകൊണ്ടിരിന്നു.
കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ, സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്യുന്ന മാർ പാംപ്ലാനി അറിയപ്പെടുന്ന വാഗ്മി കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.