തോക്കു നിരോധനത്തിന് ടെക്‌സാസിലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമത്തെ മാതൃകയാക്കാന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍

തോക്കു നിരോധനത്തിന് ടെക്‌സാസിലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമത്തെ മാതൃകയാക്കാന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍

സാക്രമെന്റോ: തോക്കുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള നിരോധനം കാലിഫോര്‍ണിയയില്‍ നടപ്പാക്കാന്‍ പൗരന്മാരെ നിയമപരമായി പ്രാപ്തരാക്കുമെന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം. ഭ്രൂണത്തിനു ഹൃദയമിടിപ്പാരംഭിച്ച ശേഷമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ നിരോധിക്കാന്‍ ടെക്‌സാസിലെ യാഥാസ്ഥിതിക നിയമനിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന നിയമം ഇതിനു വേണ്ടി മാതൃകയാക്കാനാണുദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി,.

ആക്രമണോദ്ദേശ്യത്തോടെയുള്ള ആയുധങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും കാലിഫോര്‍ണിയ പതിറ്റാണ്ടുകളായി നിരോധിച്ചിരുന്നു. പക്ഷേ, ഭരണഘടനാ വിരുദ്ധമാണെന്ന നിരീക്ഷണവുമായി ഫെഡറല്‍ കോടതി ജൂണില്‍ ആ നിരോധനം അസാധുവാക്കി. ജനപ്രിയമായ എ ആര്‍ 15 റൈഫിളിനെ സ്വിസ് ആര്‍മി കത്തിയോട് താരതമ്യപ്പെടുത്തി ജഡ്ജി ചൂണ്ടിക്കാട്ടിയത് 'വീട്ടിലാണെങ്കിലും പോരാട്ടത്തിലാണെങ്കിലും അതൊരെണ്ണം കൈവശമുള്ളത് നല്ലതാണെ'ന്നാണ്. സംസ്ഥാനത്തെ ഡെമോക്രാറ്റിക് നേതാക്കളുടെ രോഷത്തിനിടയാക്കിയിരുന്നു ഈ അഭിപ്രായം.

സംസ്ഥാനം അപ്പീല്‍ നല്‍കിയതിനാല്‍ കാലിഫോര്‍ണിയയിലെ വിലക്ക് നിലനില്‍ക്കുകയാണിപ്പോഴും. ടെക്‌സാസിലെ നിയമത്തെ മാതൃകയാക്കുന്നപക്ഷം കാലിഫോര്‍ണിയയിലും 'ആക്രമണ ആയുധം നിര്‍മ്മിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്ന ആര്‍ക്കും' എതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൗരന്മാര്‍ക്ക് കഴിയും. അറ്റോര്‍ണി ഫീസ് ഉള്‍പ്പെടെ 10,000 ഡോളര്‍ വരെ കേസ് കൊടുക്കുന്ന ആളുകള്‍ക്ക് ചെലവിനത്തില്‍ ലഭിക്കുമെന്ന് ന്യൂസോം പറഞ്ഞു. കാലിഫോര്‍ണിയ ഗവര്‍ണറുടെ അഭിപ്രായത്തില്‍ 'ഈ വിനാശകരമായ ആയുധങ്ങള്‍ തെരുവുകളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം ഇതു തന്നെയാണ്.'



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.