ഒരുകുടുംബത്തിലെ നാലുപേരുടെ മരണം: മതപരിവര്‍ത്തന ശ്രമമെന്ന് പൊലീസ്, വീട്ടുടമയായ സ്ത്രീ അറസ്റ്റില്‍

ഒരുകുടുംബത്തിലെ നാലുപേരുടെ മരണം: മതപരിവര്‍ത്തന ശ്രമമെന്ന് പൊലീസ്, വീട്ടുടമയായ സ്ത്രീ അറസ്റ്റില്‍

മംഗളൂരു: വാടക വീട്ടില്‍ ഭാര്യയെയും രണ്ട് മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടുടമയായ സ്ത്രീ അറസ്റ്റില്‍. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന് വീട്ടുടമയായ മംഗളൂരു ബിജയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നൂര്‍ജഹാ(50)നെ അറസ്റ്റ് ചെയ്തത്. മോര്‍ഗന്‍ നഗറിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കള്‍ സപ്ന (എട്ട്), സമര്‍ഥ് (നാല്) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയശേഷം നാഗേഷ് ജീവനൊടുക്കുകയായിരുന്നു. നൂര്‍ജഹാന്‍ വിജയലക്ഷ്മിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ വ്യക്തമാക്കി. കല്യാണ ബ്രോക്കര്‍ കൂടിയായ നൂര്‍ജഹാന്‍ വിജയ ലക്ഷ്മിയോട് നാഗേഷില്‍ നിന്ന് വിവാഹ മോചനം നേടാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി അഭിഭാഷകനെയും ഏര്‍പ്പാട് ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇതര മതത്തില്‍പ്പെട്ട ഒരാളുമായി പുനര്‍ വിവാഹം നടത്തിത്തരാമെന്നും നൂര്‍ജഹാന്‍ വിജയലക്ഷ്മിക്ക് ഉറപ്പു നല്‍കി. മക്കളെയും മതപരിവര്‍ത്തനം നടത്താന്‍ ഇവര്‍ നിര്‍ബന്ധിച്ചതായും കമ്മിഷണര്‍ വ്യക്തമാക്കി. നൂര്‍ജഹാന്റെ വീട്ടില്‍ നിന്ന് വിജയലക്ഷ്മിയുടെ ഫോട്ടോ പൊലീസ് കണ്ടെത്തിയിരുന്നു. 

നാഗേഷും കുടുംബവും നൂര്‍ജഹാന്റെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. നാഗേഷുമായി വിജയലക്ഷ്മി വഴക്കിടുന്നത് ശ്രദ്ധയില്‍പ്പെട്ട നൂര്‍ജഹാന്‍ വിവാഹമോചനം, പുനര്‍വിവാഹം എന്നീ കാര്യങ്ങള്‍ വിജയലക്ഷ്മിയുമായി ചര്‍ച്ച ചെയ്യുമായിരുന്നു. ഭര്‍ത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിജയലക്ഷ്മി നൂര്‍ജഹാന്റെ വീട്ടിലാണ് കുറച്ചുകാലം താമസിച്ചത്. വിജയലക്ഷ്മി തന്നെ ഒഴിവാക്കുമെന്നും മതം മാറുമെന്നും ഭയന്നാണ് നാഗേഷ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു.

നാഗേഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ നൂര്‍ജഹാനെക്കുറിച്ചും മതപരിവര്‍ത്തന ആശങ്കയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. നൂര്‍ജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മതപരിവര്‍ത്തന ശ്രമം നടത്തിയതായി സമ്മതിച്ചു. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.