അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 13
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മത പീഡനകാലത്ത് ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിയായ വിശുദ്ധയാണ് ലൂസി. എ.ഡി 283 ല്‍ സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു സമ്പന്ന കുടുംബത്തിലാണ്  ലൂസി ജനിച്ചത്. ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. 
പിന്നീട് അമ്മയുടെ പരിചരണത്തിലാണ് അവള്‍ വളര്‍ന്നു വന്നത്. മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കണമെന്നായിരുന്നു അമ്മയുടെ തീരുമാനം. എന്നാല്‍ മകള്‍ നിശ്ചയിച്ചിരുന്നത് ഈശോയെ മണവാളനായി സ്വീകരിക്കാനായിരുന്നു. അങ്ങനെ തന്റെ കന്യകാത്വം ലൂസി ദൈവത്തിന് സമര്‍പ്പിച്ചു. 
അങ്ങനെയിരിക്കെ അമ്മ രോഗ ബാധിതയായി. രോഗ പീഡകളാല്‍ കഷ്ടപ്പെട്ടിരുന്ന അമ്മയേയും കൂട്ടി ഒരു ദിവസം ലൂസി കറ്റാനിയായില്‍ അഗാത്താ പുണ്യവതിയുടെ ശവകുടീരത്തിങ്കല്‍ പ്രാര്‍ത്ഥിക്കാനെത്തി.  പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ വിശുദ്ധ അഗാത്ത സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു.
'അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മയ്ക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില്‍ നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസംതന്നെ നിന്റെ അമ്മയ്ക്ക് തുണയാകും. അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാ വിശുദ്ധിയാല്‍ നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു.' 
ഉടന്‍ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേദമായി. ലൂസി താന്‍ കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും  തന്റെ സ്ത്രീധനത്തിനായി അമ്മ കരുതി വച്ചിരുന്ന  മുഴുവന്‍ സമ്പാദ്യവും  ദരിദ്രരായ ക്രിസ്ത്യാനികള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു.
ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി ബന്ധുക്കള്‍ അവളെ വിവാഹം ചെയ്തു നല്‍കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്‍കിയിരുന്നു. അയാള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അവളെ നഗര മുഖ്യന് മുന്‍പില്‍ ഹാജരാക്കി. 
മര്‍ദ്ദനങ്ങളുടെ പ്രഹര ശേഷിയില്‍ നിന്റെ വാക്കുകള്‍ നിശബ്ദമാക്കപ്പെടുമെന്ന് മുഖ്യന്‍ അവളോടു പറഞ്ഞപ്പോള്‍ വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു 'ദൈവത്തിന്റെ ദാസന്‍മാര്‍ക്ക് ശരിയായ വാക്കുകള്‍ക്ക് പോരായ്മ വരില്ല. പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും. ദൈവഭക്തിയിലും നിര്‍മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള്‍ ആണ്'. 
ഞാന്‍ നിന്നെ വേശ്യകള്‍ക്കൊപ്പം വിടുകയാണെങ്കില്‍ പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകുമെന്ന്  മുഖ്യന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്‍ എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയ കിരീടം നേടി തരും എന്നായിരുന്നു ലൂസിയുടെ  മറുപടി. 
ഇത് കേട്ട് കോപത്താല്‍ ജ്വലിച്ച മുഖ്യന്‍ കഠിന ശിക്ഷാ വിധിക്ക് ഉത്തരവിട്ടു. പക്ഷേ ദൈവം തന്റെ വിശ്വസ്ത കന്യകയ്ക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള കരുത്തു നല്‍കി. ഒരു ശക്തിക്കും അവളെ തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അവര്‍ ചൂടാക്കിയ ടാറും മരപ്പശയും ലൂസിയുടെ ദേഹത്ത്  ഒഴിച്ചു. എന്നാല്‍ അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്‍ത്തി. ഈ പീഡനങ്ങള്‍ക്കു  ശേഷവും യാതൊരു പരിക്കും കൂടാതെ അവള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവര്‍ ലൂസിയുടെ കണ്ഠനാളം വാളിനാല്‍ വെട്ടി മുറിച്ചു.  അപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്‍ന്ന വിധമുള്ള രക്തസാക്ഷിത്വം വരിച്ചു. എ.ഡി 304 ലായിരുന്നു ലൂസിയുടെ രക്തസാക്ഷിത്വം. ഡിസംബര്‍ 13 നാണ് വിശുദ്ധ ലൂസിയുടെ തിരുനാള്‍.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. കെന്റിലെ എഡ്ബുര്‍ഗാ
2. ഫ്രാന്‍സിലെ എലിസബത്ത് 
3. അറാസു ബിഷപ്പായിരുന്ന ഔട്ടുബെര്‍ട്ടു
4. ആര്‍മീനിയായിലെ ഔക്‌സെന്‍സിയൂസ്
5. ഹോഹെന്‍ ബര്‍ഗിലെ അയിന്‍ഹില്‍ദിസ്
6. സുള്‍ച്ചി ദ്വീപില്‍ വധിക്കപ്പെട്ട അന്തിയോക്കോസ്.
 'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.