ടോക്യോ: പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന ഔദ്യോഗിക വസതിയില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു ജപ്പാന്‍ പ്രധാനമന്ത്രി കിടന്നുറങ്ങി. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയാണ് കഴിഞ്ഞ രാത്രിയില്‍ സെന്‍ട്രല്‍ ടോക്കിയോയിലുള്ള ബംഗ്ലാവില്‍ സുഖമായി കിടന്നുറങ്ങിയത്.
പ്രേതങ്ങളുടെ സാന്നിധ്യമുണ്ടെന്നും അശുഭകരമായ കെട്ടിടമെന്നും വിശ്വസിക്കപ്പെടുന്നതാണ് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഈ ബംഗ്ലാവ്. കിഷിദയുടെ മുന്‍ഗാമികളായ യോഷിഹിഡെ സുഗയുടെയും ഷിന്‍സോ ആബെയുടെയും കാലഘട്ടത്തില്‍ സെന്‍ട്രല്‍ ടോക്കിയോയിലെ ഈ ഔദ്യോഗിക വസതി ഒഴിഞ്ഞുകിടക്കുകയായിരുന്നു. രണ്ട് പട്ടാള അട്ടിമറിക്ക് സാക്ഷ്യം വഹിക്കുകയും ഒരു പ്രധാനമന്ത്രി ഇവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഈ ഔദ്യോഗിക വസതിക്ക് പ്രേതഭവനമെന്ന ദുഷ്പേര് ലഭിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മിനിറ്റ് നടക്കാനുള്ള ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്. കൊലചെയ്യപ്പെട്ട ചിലരുടെ പ്രേതങ്ങള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞ് തിരിയുന്നുണ്ടെന്നും ഇവിടെ താമസിക്കുന്നവരെ വേട്ടയാടുമെന്നുമാണ് വര്‍ഷങ്ങളായിട്ടുള്ള പ്രചാരണം.
'ഞാന്‍ നന്നായി ഉറങ്ങി. ബജറ്റ് കമ്മിറ്റി യോഗം ഇന്ന് പാര്‍ലമെന്റില്‍ ആരംഭിക്കും. ഒരു പുതുമ അനുഭവപ്പെടുന്നു. നന്നായി കഠിനാധ്വാനം ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത'-ഔദ്യോഗിക വസതിയിലെ ആദ്യ ഉറക്കത്തിന് ശേഷം കിഷിദ മാധ്യമങ്ങളോട് പറഞ്ഞു.
കെട്ടിടത്തില്‍ പ്രേതത്തെ കണ്ടോ എന്ന ചോദ്യത്തിന് തനിക്കൊന്നും കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
1932-ല്‍ ഒരു പട്ടാള അട്ടിമറി ശ്രമത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകോയി ഈ വസതിയില്‍ വെച്ച് കൊല്ലപ്പെട്ടു. അതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു പട്ടാള അട്ടിമറി ശ്രമവും ഇവിടെ നടന്നു. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഈ രണ്ട് അട്ടിമറികളില്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ ആത്മാക്കള്‍ ഈ കെട്ടിടത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന് ജപ്പാനില്‍ പരക്കെ വിശ്വസിക്കപ്പെട്ടു.
2011-12 കാലത്ത് പ്രധാനമന്ത്രിയായിരുന്ന യോഷിഹിക്കോ നോഡയാണ് ഔദ്യോഗിക വസതിയില്‍ അവസാനമായി താമസിച്ച നേതാവ്. പ്രധാനമന്ത്രിയുടെ ഓഫീസ് നിലനില്‍ക്കുന്ന അതേ കോമ്പൗണ്ടിലുള്ള ഈ വസതിയിലേക്ക് ഇപ്പോള്‍ കിഷിദയുടെ മാറ്റം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലുള്ള ശ്രദ്ധ ക്ഷണിക്കലിന് വേണ്ടിയുള്ളതാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ പറഞ്ഞു.
കിഷിദയുടെ മുന്‍ഗാമി, മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, അദ്ദേഹത്തിന്റെ ഭരണകാലത്ത് പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയത്തിലാണ് താമസിച്ചിരുന്നത്, മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ 2012 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ടോക്കിയോയിലെ തന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.