കണ്ണൂര്‍ വിസി പുനര്‍ നിയമനം: മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്; സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്

കണ്ണൂര്‍ വിസി പുനര്‍ നിയമനം: മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്; സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്

തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് പുറത്ത്. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വിസി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ കത്ത് പുറത്തായത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ഗവര്‍ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇപ്പോള്‍ കത്ത് പുറത്തു വന്നിരിക്കുന്നത്. വിസിക്ക് പുനര്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.

ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനവുമായി ബന്ധപ്പെട്ട നിയമന രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇടക്കാല അപേക്ഷ സമര്‍പ്പിക്കപ്പെട്ടു. നിയമ വിരുദ്ധ നിയമനം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമന രേഖകള്‍ കോടതി പരിശോധിക്കണമെന്നാണാവശ്യം.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസി നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത് നല്‍കിയ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയിലാണ് പരാതിക്കാര്‍ ഇടക്കാല അപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ഉത്തരവിനായി മാറ്റിയിരുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയായതോടെ പ്രതിരോധത്തിലായ സര്‍ക്കാരും ഇടത് മുന്നണിയും ഗവര്‍ണര്‍ക്കെതിരെ സംയുക്ത നീക്കമാണ് നടത്തുന്നത്. പ്രതിപക്ഷവും സര്‍ക്കാരിനെതിരെ പടയൊരുക്കം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.