ഏകീകൃത കുർബ്ബാനയർപ്പണം : ഇരിഞ്ഞാലക്കുട രൂപത ഒഴിവുനൽകൽ റദ്ദാക്കി

ഏകീകൃത കുർബ്ബാനയർപ്പണം : ഇരിഞ്ഞാലക്കുട രൂപത ഒഴിവുനൽകൽ റദ്ദാക്കി

കൊച്ചി : കാനൻ ലോ 1538 അനുസരിച്ച് ,സീറോമലബാര്‍ സഭാസിനഡ്‌ തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിക്ക്‌ നല്‍കിയ ഒഴിവുനല്‍കല്‍ (Dispensation)  ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ റദ്ദു ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വിജഞാപനം ഡിസംബര്‍ 19-ം തിയ്യതി ഞായറാഴ്ച്ച കൂര്‍ബാനമധ്യേ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കേണ്ടതാണ്‌ എന്നും ആവശ്യപ്പെടുന്നു

പൗരസ്ത്യ  തിരുസംഘത്തില്‍നിന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്റണി കരിയിലിന് 2021 നവംബര്‍ 26 ന്‌ ലഭിച്ച കത്തിന്റെ വിശദീകരണമായി 2020 നവംബര്‍ 9 ന്‌ റോമിലെ പൗരസ്ത്യതിരുസംഘം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്‌ നല്‍കിയ കത്തില്‍ (Prot. No. 248/2004) വ്യക്തത വരുത്തിയ കാര്യങ്ങളോട്‌ ചേര്‍ന്നു പോകുന്നതല്ല   ഒഴിവുനൽകൽ  എന്ന് കണ്ടതിനാലും മേജർ ആർച്ച് ബിഷപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുമാണ്  ഈ തീരുമാനമെന്ന് മാർ പോളി കണ്ണൂക്കാടൻ വ്യക്തമാക്കി.

ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയം, രൂപത ആദ്ധ്യാത്മികക്രേന്ദ്രം, ധ്യാനക്രേന്ദ്രങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, സന്യസ്തഭവനങ്ങള്‍, വൈദിക-സന്യസ്ത പരിശീലനകേന്ദ്രങ്ങള്‍, രൂപതാസ്ഥാപനങ്ങള്‍, ഇടവക ദൈവാലയങ്ങള്‍ തുടങ്ങി നമ്മുടെ രൂപതയില്‍ വിശുദ്ധ ബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും 2021 ഡിസംബര്‍ 25-ാം തിയ്യതിയോ അതിനുമുമ്പോ ഏകീകൃത വിശുദ്ധ കുര്‍ബായര്‍പ്പണരീതി നടപ്പിലാക്കേണ്ടതാണ്‌ എന്ന് അദ്ദേഹം രൂപതാ അംഗങ്ങളോട് ആവശ്യപ്പെട്ടു.

മാർ കരിയിലിനു പൗരസ്ത്യതിരുസംഘം നൽകിയ കത്തുപയോഗിച്ച് എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഇരിഞ്ഞാലക്കുട എന്നീ രൂപതകളാണ് ഏകീകൃത കുർബ്ബാന അർപ്പണ രീതിക്ക് ഒഴിവുനൽകിയിരുന്നത്. ഈ ഒഴിവു നൽകൽ നിലനിൽക്കുന്നതല്ല എന്ന് ഇരിഞ്ഞാലക്കുട മെത്രാൻ തന്നെ വ്യക്തമാക്കിയതിനാൽ ഒഴിവു നൽകിയ മറ്റു രൂപതകളും ഇതേ മാർഗ്ഗം പിന്തുടരാൻ നിർബന്ധിതമായിരിക്കുകയാണ്.

ഇരിഞ്ഞാലക്കുട രൂപത  പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ പൂർണ്ണ രൂപം :

യേശുവില്‍ പ്രിയ സഹോദരവൈദികരേ, സ്നേഹമുള്ള സന്ന്യാസിനി സന്യാസികളേ, പ്രിയ മക്കളേ,
2021 നവംബര്‍ 28, മംഗളവാര്‍ത്തക്കാലം ഒന്നാം ഞായര്‍, മുതല്‍ സീറോമലബാര്‍ സഭയുടെ നവീകരിച്ച വിശുദ്ധ കുര്‍ബാനക്രമവും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയും പ്രാബല്യത്തിലാക്കുന്നതിനെക്കുറിച്ച്‌ ഇടയലേഖനത്തിലൂടെയും (1495/21, dated 26.10.2021) വിജ്ഞാപനത്തിലൂടെയും (1512/21, dated 27.10.2021) ഞാൻ നിങ്ങളെ അറിയിച്ചിരുന്നല്ലോ. എന്നാല്‍, പൗരസ്ത്യ തിരുസംഘത്തില്‍നിന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്റണി കരിയില്‍ പിതാവിന്‌ 2021 നവംബര്‍ 26 ന്‌ ലഭിച്ച കത്തിന്റെ (Prot. No. 463/2002) അടിസ്ഥാനത്തില്‍ നമ്മുടെ രൂപതയിലെ ബഹുമാനപ്പെട്ട വൈദികരില്‍ പലരും ആവശ്യപ്പെട്ടതനുസരിച്ച്‌ സീറോമലബാര്‍ സഭാസിനഡ്‌ തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നിലനിര്‍ത്തിക്കൊണ്ടുതന്നെ പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമത്തിലെ 1538-ാം കാനോനപ്രകാരം നമ്മുടെ രൂപതയില്‍ നിലവിലുള്ള കുര്‍ബാനയര്‍പ്പണരീതി തുടരുന്നതിനായി 2021 നവംബര്‍ 27-ാം തിയ്യതിയിലെ 1600/21 കല്‍പനപ്രകാരം ഞാന്‍ ഒഴിവ്‌ (Dispensation) നല്‍കിയിരുന്നു. അതോടൊപ്പം, 2021 നവംബര്‍ 28-ാം തിയ്യതി ഞായറാഴ്ച്ച മുതല്‍തന്നെ നമ്മുടെ രൂപതയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കപ്പെടുന്ന എല്ലായിടങ്ങളിലും നവീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം  നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സീറോമലബാര്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്‍ക്കുമായി മേജര്‍ ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി മെത്രാപ്പോലീത്ത 2021] ഡിസംബര്‍ 5-ാം തിയ്യതി എഴുതിയ കത്തിലും (Prot. No. 1292/2021), നമ്മുടെ രൂപതയ്ക്ക്‌ പ്രത്യേകം നല്‍കിയ കത്തിലും (Prot. No. 1290/2021), പൌരസ്ത്യ തിരുസംഘത്തില്‍നിന്നും മേജര്‍ ആര്‍ച്ച്ബിഷപ്പിനു 2021 ഡിസംബര്‍ 9 ന്‌ ലഭിച്ച കത്തിലും (Prot. No. 463/2002), തുടര്‍ന്ന്‌, മേജര്‍ ആര്‍ച്ച്ബിഷപ്പ്‌ 2021 ഡിസംബര്‍ 10ന്‌ സീറോമലബാര്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്‍ക്കും അയച്ച കത്തിലും (Prot. No. 1312/2021), രൂപതാമെത്രാന്മാർ എന്ന നിലയില്‍ CCEO c. 1538 പ്രകാരം ചില രൂപതകള്‍ ഒഴിവ്‌ (Dispensation) നല്‍കിയത്‌ 2020 നവംബര്‍ 9 ന്‌ റോമിലെ പൗരസ്ത്യതിരുസംഘം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്‌ നല്‍കിയ കത്തില്‍ (Prot. No. 248/2004) വ്യക്തത വരുത്തിയ കാര്യങ്ങളോട്‌ ചേര്‍ന്നു പോകുന്നതല്ല എന്ന്‌ നിരീക്ഷിക്കുകയുണ്ടായി. മാത്രമല്ല, സീറോമലബാര്‍ സഭ സ്ഥിരംസിനഡിന്റെ തീരുമാനപ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ്പ്‌, നമ്മുടെ രൂപതയില്‍ CCEO c. 1538 പ്രകാരം നല്‍കിയ ഒഴിവ്‌ (Dispensation) പുനഃപരിശോധിക്കണമെന്നും തങ്ങളുടെ സ്വയാധികാരസഭയുടെ നിബന്ധനകള്‍ക്കനുസരിച്ച്‌ ക്രൈസ്തവ വിശ്വാസികളുടെ ആരാധനാപരമായ കാര്യങ്ങളിലെ അവകാശങ്ങള്‍ (CCEO c. 17) നിഷേധിക്കരുതെന്നും എന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. “തനിക്ക്‌ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ ആരാധനാ ജീവിതത്തിന്റെ മുഴുവന്റെയും നിയന്താവും പ്രോത്സാഹകനും സംരക്ഷകനുമെന്ന നിലയില്‍ ആരാധനാക്രമത്തെ പരമാവധി പരിപോഷിപ്പിക്കുവാനും സ്വയാധികാരസഭയുടെ നിയമാനുസൃതമായ ആചാരങ്ങള്‍ക്കും നിബന്ധനകള്‍ക്കുമനുസരിച്ച്‌ ക്രമീകരിക്കുവാനും രൂപതാമെത്രാൻ ശ്രദ്ധാലുവായിരിക്കണം"” എന്ന സഭാനിയമം (CCEO c. 199 & 1) പാലിക്കുവാന്‍ മനഃസാക്ഷിയില്‍ ഞാന്‍ കടപ്പെട്ടവനാണ്‌ എന്ന കാര്യവും തിരിച്ചറിയുന്നു. ഇക്കാര്യങ്ങളുടെ ഗൌരവം കണക്കിലെടുത്ത്‌, ഇരിങ്ങാലക്കുട രൂപതാകാര്യാലയത്തില്‍നിന്നും 2021 നവംബര്‍ 27-ഠം തിയ്യതി, ശനിയാഴ്ച്ച നമ്മുടെ രൂപതയില്‍ CCEO c. 1538 പ്രകാരം സീറോമലബാര്‍ സഭാസിനഡ്‌ തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിക്ക്‌ നല്‍കിയ ഒഴിവുനല്‍കല്‍ (Dispensation) (Prot. No. 1600/2021) ഇതിനാല്‍ ഞാന്‍ റദ്ദു ചെയ്തതായി അറിയിക്കുന്നു.

ആയതിനാല്‍, ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയം, രൂപത ആദ്ധ്യാത്മികക്രേന്ദ്രം, ധ്യാനക്രേന്ദ്രങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, സന്യസ്തഭവനങ്ങള്‍, വൈദിക-സന്യസ്ത പരിശീലനകേന്ദ്രങ്ങള്‍, രൂപതാസ്ഥാപനങ്ങള്‍, ഇടവക ദൈവാലയങ്ങള്‍ തുടങ്ങി നമ്മുടെ രൂപതയില്‍ വിശുദ്ധ ബലിയര്‍പ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും 2021 ഡിസംബര്‍ 25-ാം തിയ്യതിയോ അതിനുമുമ്പോ ഏകീകൃത വിശുദ്ധ കുര്‍ബായര്‍പ്പണരീതി (കാര്‍മ്മികന്‍ കുര്‍ബാനയുടെ ആരംഭം മുതല്‍ മദ്ബഹാപ്രവേശന പ്രാര്‍ത്ഥനവരെയുള്ള ഭാഗം ജനാഭിമുഖമായും, കൂദാശാക്രമ (അനാഫൊറ) ഭാഗത്തിന്റെ ആരംഭംമുതല്‍ വി. കുര്‍ബാനസ്വീകരണം ഉള്‍പ്പെടെയുള്ള ഭാഗം ആരാധനാസമൂഹം നില്‍ക്കുന്ന അതേ ദിശയില്‍തന്നെ ബലിപീഠത്തിനു അഭിമുഖമായും, വി. കുര്‍ബാനസ്വീകരണത്തിനുശേഷമുള്ള ഭാഗം വീണ്ടും ജനാഭിമുഖമായും അര്‍പ്പിക്കുന്നവിധം) നടപ്പിലാക്കേണ്ടതാണ്‌. ഇതിനായി ബഹുമാനപ്പെട്ട വൈദികരും സന്യസ്തരും അല്മായസഹോദരങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അതിനാവശ്യമായ സജ്ജീകരണങ്ങള്‍ (പുതിയ തക്സ, ബേമ്മ, ഉപപീഠങ്ങള്‍ etc.) നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍, ഗൗരവമായ കാരണങ്ങളാല്‍ ഏകീകൃത വിശുദ്ധ കുര്‍ബായര്‍പ്പണരീതിക്ക്‌ ആവശ്യമായ സജജീകരണങ്ങള്‍ നടത്തുവാന്‍ തടസ്സം നേരിടുന്ന ഇടവകകള്‍ക്ക്‌ മാത്രം സീറോമലബാര്‍ സഭാസിനഡ്‌ നല്‍കിയിട്ടുള്ള സാവകാശം 2022 ഏപ്രില്‍ 17, ഈസ്റ്റര്‍ദിനം വരെ അനുവദിക്കുന്നു. കത്തീഡ്രൽ ദൈവാലയം, തീര്‍ത്ഥാടന ഇടവകകള്‍ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ഇടവകദൈവാലയങ്ങളില്‍ ഏകീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി യാഥാര്‍ത്ഥ്യമാക്കാന്‍ 2021 ഡിസംബര്‍ 25ന്‌ മുമ്പ്‌ സാധിച്ചില്ലെങ്കില്‍, അതിനാവശ്യമായ സജ്ജീകരണങ്ങള്‍ എത്രയുംവേഗം ക്രമീകരിച്ച്‌ അടുത്ത ഉയിര്‍പ്പ്‌ ഞായര്‍ (2022 ഏപ്രില്‍ 17) വരെയുള്ള സമയത്തിനുള്ളില്‍ നമ്മുടെ രൂപതയില്‍ പൂര്‍ണ്ണമായും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കേണ്ടതാണ്‌. 2022 ഏപ്രില്‍ 17 വരെ സാവകാശം എടുക്കുന്ന ഇടവകകളില്‍ 2021  ക്രിസ്തുമസ്‌ മുതല്‍ മെത്രാന്മാർ പങ്കെടുക്കുന്ന പരിപാടികളിലും മറ്റു പൊതുപരിപാടികളിലും (ഉദാ: തിരുപ്പട്ടം, വൈദികരുടെയും സന്യസ്തരുടെയും മൃതസംസ്‌ക്കാരം etc. ) ഏകീകൃത ബലിയര്‍പ്പണരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ഭാരതസഭയുടെ പിള്ളത്തൊട്ടിലായ ഇരിങ്ങാലക്കുട രൂപതയുടെ മക്കളായ നമുക്ക്‌ മാര്‍ തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസദീപ്തിയില്‍ സീറോമലബാര്‍ സഭയുടെ ഏകീകൃത ബലിയര്‍പ്പണരീതി സര്‍വ്വാത്മനാ സ്വീകരിച്ചുകൊണ്ട്‌ യേശുക്രിസ്തുവിനെ അനുഭവിക്കുവാനും ജീവിക്കുവാനും തയ്യാറാകാം. നമ്മുടെ രൂപതയില്‍ നിലവിലുള്ള സാഹോദര്യവും, കൂട്ടായ്മയും, സ്നേഹവും പരിപോഷിപ്പിക്കുവാന്‍ എല്ലാ വൈദികരും, സന്യസ്തരും, അല്മായ സഹോദരങ്ങളും പരിശ്രമിക്കണമെന്ന്‌ സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ആഗതമാകുന്ന ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങളും ദൈവാനുഗ്രഹവും നേരുന്നു.
രൂപതാകാര്യാലയത്തില്‍നിന്ന്‌ 13.12.2021 ല്‍ നല്‍കപ്പെട്ടത്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.