ദൈവശാസ്ത്ര രഹസ്യങ്ങളുടെ മധ്യസ്ഥനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്‍

ദൈവശാസ്ത്ര രഹസ്യങ്ങളുടെ മധ്യസ്ഥനായ കുരിശിന്റെ വിശുദ്ധ യോഹന്നാന്‍

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 14

സ്‌പെയിനിലെ കാസ്റ്റിലിയനില്‍ ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542 ലാണ് ജുവാന്‍ ഡി യെപെസ് എന്ന യോഹന്നാന്‍ ജനിച്ചത്. സില്‍ക്ക് നെയ്തുകാരനായ അദ്ദേഹത്തിന്റെ പിതാവ് ഗോണ്‍സാലെസ് ജനിച്ചത് സമ്പന്ന പ്രഭു കുടുംബത്തിലാണെങ്കിലും ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം സില്‍ക്ക് നെയ്ത്ത് ഉപജീവന മാര്‍ഗമായി തിരഞ്ഞെടുത്തത്.

മൂന്നാമത്തെ കുട്ടിയായ ജുവാന്‍ ജനിച്ച് അധികം താമസിയാതെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം കഠിനമായ ദാരിദ്ര്യത്തിലായി. പല ദിവസങ്ങളിലും പട്ടിണിയിലാണ് കഴിഞ്ഞിരുന്നത്. വൈകാതെ ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ജോലിയില്‍ ജുവാന്‍ പ്രവേശിച്ചു. അതിനോടൊപ്പം തന്റെ പഠനം തുടരുകയും ചെയ്തു.

1563 ല്‍ അദ്ദേഹം കര്‍മ്മലീത്താ സന്യാസ സഭയില്‍ അംഗമാവുകയും 'കുരിശിന്റെ വിശുദ്ധ ജോണ്‍' എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ജോണിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ സഭ 1567 ല്‍ അദ്ദേഹത്തിന് പൗരോഹിത്യ പട്ടം നല്‍കി.

പിന്നീട് കഠിനമായ സന്യാസ രീതികള്‍ക്ക് പേര് കേട്ടിരുന്ന കാര്‍ത്തൂസിയന്‍ സഭയില്‍ ചേരുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇക്കാലത്താണ് ആവിലായിലെ വിശുദ്ധ ത്രേസ്യായെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് അദ്ദേഹം കര്‍മ്മലീത്ത സഭയില്‍ തന്നെ തുടര്‍ന്നുകൊണ്ട് തന്റെ സഭയെ നവീകരിക്കുക എന്ന വിശുദ്ധ ത്രേസ്യായുടെ ആശയത്തോടു യോജിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

അങ്ങനെ അദ്ദേഹം നവീകരിക്കപ്പെട്ട 'നിഷ്പാദുകര്‍' (പാദുകങ്ങള്‍ ധരിക്കാത്തവര്‍) എന്നറിയപ്പെടുന്ന കര്‍മ്മലീത്ത സന്യാസിമാരുടെ ആദ്യ പ്രിയോര്‍ ആയി. അവരുടെ ഈ നവീകരണങ്ങള്‍ സഭാ ജനറല്‍ അംഗീകരിച്ചിരുന്നുവെങ്കിലും കര്‍ക്കശമായ പുതിയ സന്യാസ രീതികള്‍ മൂലം സഭയിലെ ചില മുതിര്‍ന്ന സന്യാസിമാര്‍ അവര്‍ക്കെതിരായി.

അവര്‍ ജോണിനെ ഒളിച്ചോട്ടക്കാരനെന്നും തന്റെ വിശ്വാസങ്ങള്‍ ഉപേക്ഷിച്ചവനെന്നും മുദ്രകുത്തി കാരാഗ്രഹത്തിലടച്ചു. എന്നിരുന്നാലും ഒമ്പത് മാസത്തിനു ശേഷം തന്റെ ജീവന്‍ വരെ പണയപ്പെടുത്തി അദ്ദേഹം തടവറയില്‍ നിന്നും രക്ഷപ്പെട്ടു.

അക്കാലത്തെ മഹാനായ ആത്മീയ എഴുത്തുകാരന്‍ കൂടിയായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍. 1591 ഡിസംബര്‍ 14 ന് ജോണ്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1675 ജനുവരി 25 ന് ക്ലെമന്റ് പത്താമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. 1726 ഡിസംബര്‍ 27 ന് ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പ്പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

1926 ഓഗസ്റ്റ് 24ന് പതിനൊന്നാം പിയൂസ് മാര്‍പാപ്പാ വിശുദ്ധനെ തിരുസഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കുരിശിന്റെ വിശുദ്ധ ജോണിനെ ആത്മീയ ജീവിതത്തിന്റെയും ദൈവശാസ്ത്ര രഹസ്യങ്ങളുടേയും സ്‌പെയിനിലെ കവികളുടേയും മധ്യസ്ഥനായി കണക്കാക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ അഗ്‌നെല്ലൂസ്

2. കോണ്‍വാളിലെ ഫിന്‍ഗാര്‍, ഫിയാലാ

3. സ്‌പെയിനിലെ യുസ്തൂസും അബൂന്തിയൂസും

4. സിറിയായിലെ ദ്രൂസുസ്, സോസിമൂസ്, തെയോഡോര്‍

5. അലക്‌സാണ്ട്രിയായിലെ ഹേറോണ്‍, ആര്‍സേനിയൂസ്, ഇസിഡോര്‍, ഡിയോസ്‌കോറൂസ്

5. ആര്‍മീനിയായിലെ എവുസ്താസിയൂസ്, ഔക്‌സെന്‍സിയൂസ്, എവുജിന്‍, മര്‍ദാരിയൂസ്, ഒരേസ്തൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.