ഒമിക്രോണ്‍ ജാഗ്രത: സംസ്ഥാനത്ത് കൂടുതല്‍ ജീനോം പരിശോധനാ ഫലം ഇന്ന് കിട്ടും

ഒമിക്രോണ്‍ ജാഗ്രത: സംസ്ഥാനത്ത് കൂടുതല്‍ ജീനോം പരിശോധനാ ഫലം ഇന്ന് കിട്ടും

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ അയച്ച ഇവരുടെയടക്കമുള്ള സാമ്പിള്‍ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.

റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാള്‍ ഒമിക്രോണ്‍ പൊസിറ്റീവായപ്പോള്‍ രണ്ടാമത്തെയാള്‍ക്ക് നെഗറ്റീവായത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്.

നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കാനും ഒമിക്രോണ്‍ ജാഗ്രതയില്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

യാത്രാക്കപ്പലുകള്‍ കാര്യമായി വരുന്നില്ലെങ്കിലും ചരക്ക് കപ്പലില്‍ വരുന്നവര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കര്‍ശനമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആര്‍ടിപിസിആര്‍, റാപ്പിഡ് ടെസ്റ്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് നടത്തി പരിശോധന ഫലം വന്ന ശേഷമേ യാത്രക്കാരെ പുറത്ത് വിടൂ. പൊസിറ്റീവാണെങ്കില്‍ നേരെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവാണെങ്കിലും റിസ്‌ക് കാറ്റഗറി രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

അതേസമയം രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നാല്‍പതായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മൊത്തം രോഗികളുടെ എണ്ണം നാല്‍പ്പതായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.