തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് നിയമക്കുരുക്കിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍.
കണ്ണൂര്‍ വിസി നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസില്‍ ഈ കത്ത് നിര്‍ണായകമാവും. നിയമപ്രകാരം പ്രായപരിധി കഴിഞ്ഞ വ്യക്തിയ്ക്കായി മന്ത്രി അനധികൃതമായി നല്‍കിയ ശുപാര്‍ശ അതേപടി അംഗീകരിച്ച് ഗവര്‍ണര്‍ നടത്തിയ നിയമനം റദ്ദാകാനാണ് സാധ്യത. സമ്മര്‍ദ്ദത്തിലാക്കിയാണ് ഉത്തരവ് ഇറക്കിച്ചതെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മന്ത്രിയും സര്‍ക്കാരും കുരുക്കിലാവും.
നിയമനങ്ങള്‍ സംബന്ധിച്ച താല്‍പര്യം ദൂതന്‍വഴി വാക്കാല്‍ എല്ലാ സര്‍ക്കാരും അറിയിക്കാറുണ്ട്. ആ പതിവ് തെറ്റിച്ചാണ് മന്ത്രി ബിന്ദു കത്തയച്ചത്.
ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി വിവാദം തണുപ്പിച്ചാലും നിയമപ്രശ്‌നങ്ങള്‍ അവസാനിക്കില്ല. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ചാന്‍സലര്‍, മന്ത്രിയുടെ ശുപാര്‍ശയ്ക്ക് വഴങ്ങി നിയമ വിരുദ്ധമായ നിയമനം നടത്തിയതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.
നവംബര്‍ 22 നല്‍കിയ ആദ്യ കത്തില്‍ ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍ രാജ്യത്തെ ശ്രേഷ്ഠവും പ്രമുഖവുമായ സര്‍വകലാശാലയായി കണ്ണൂര്‍ സര്‍വകലാശാല മാറിയെന്നും അതിനാല്‍ ഗോപിനാഥ് രവീന്ദ്രന് വൈസ്ചാന്‍സലറായി ഒരു ടേം കൂടി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
അദ്ദേഹം തുടര്‍ന്നാല്‍ സര്‍വകലാശാലയ്ക്ക് അത്യധികം പ്രയോജനകരമായിരിക്കും. പുനര്‍നിയമനം നല്‍കാന്‍ സര്‍വകലാശാല നിയമത്തിലെ സെക്ഷന്‍10(10) പ്രകാരം തടസമില്ലെന്നും പ്രായപരിധി തടസമാകുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഒക്ടോബര്‍ 27ന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നും ഗോപിനാഥ് രവീന്ദ്രന് രണ്ടാം വട്ടവും വൈസ് ചാന്‍സലറായി തുടരാനാവും വിധം പുനര്‍നിയമനം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അന്നു തന്നെ നല്‍കിയ രണ്ടാമത്തെ കത്തില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നവംബര്‍ 23ന് കഴിയുമെന്നും ഗവര്‍ണറുടെ രേഖാമൂലമുള്ള നിര്‍ദ്ദേശ പ്രകാരം വിസിയെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം റദ്ദാക്കാന്‍ നടപടിയെടുത്തുവെന്നും വ്യക്തമാക്കുന്നു.
കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന് നവംബര്‍ 24 മുതല്‍ പുനര്‍നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നു എന്നും കത്തിലുണ്ട്.
സര്‍വകലാശാലാ നിയമപ്രകാരം വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതില്‍ തെറ്റില്ല. രണ്ട് ടേമില്‍ കൂടുതല്‍ ആരെയും വിസിയാക്കരുതെന്നു മാത്രം. എന്നാല്‍ അതിന് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യണം.എന്നാല്‍ ഇവിടെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതല്ലാതെ യോഗം ചേര്‍ന്നിട്ടില്ല. അപേക്ഷകള്‍ സ്വീകരിക്കന്നതിനിടെ കമ്മിറ്റിയെ പിരിച്ചുവിട്ടു.
സര്‍വകലാശാലാ ചട്ടപ്രകാരം വിസിക്ക് നിയമന സമയത്ത് അറുപത് വയസ് കഴിയാന്‍ പാടില്ല. 57വയസില്‍ നിയമിതനായ ഡോ.ഗോപിനാഥ് രവീന്ദ്രന് ഇപ്പോള്‍ 61വയസുണ്ട്. പുനര്‍ നിയമനമാണെങ്കിലും പുതിയ നിയമനം പോലെ നടപടികള്‍ പാലിക്കേണ്ടതുണ്ട്.
പ്രോ ചാന്‍സലറായ വകുപ്പ് മന്ത്രിക്ക് സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടാന്‍ നിയമപരമായി അധികാരമില്ല. ആലങ്കാരിക പദവിയാണിത്. ഗവര്‍ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികാരങ്ങള്‍ കൈയാളാം. പ്രോ ചാന്‍സലര്‍ ഒരു ഫയലും കാണേണ്ടതില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.