'ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍, ചത്താല്‍ പൊണ്ടാട്ടിക്കും കിട്ടും; അത് പോരേ?':എസ്. രാജേന്ദ്രനെതിരെ എം.എം. മണി

'ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍, ചത്താല്‍ പൊണ്ടാട്ടിക്കും കിട്ടും; അത് പോരേ?':എസ്. രാജേന്ദ്രനെതിരെ എം.എം. മണി

മറയൂര്‍: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എം.എല്‍.എ. രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എസ്. രാജേന്ദ്രന്‍ അംഗമായ സി.പി.എം മറയൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് കടുത്ത പരാമര്‍ശം. രാജേന്ദ്രന്‍ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതാണ് മണിയാശാനെ പ്രകോപിതനാക്കിയത്.

'മൂന്ന് പ്രാവശ്യം എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ വകയില്‍ നല്ല സംഖ്യ കിട്ടും. പുള്ളി ചത്തുപോയാല്‍ പൊണ്ടാട്ടി ഉണ്ടെങ്കില്‍ അവള്‍ക്കും കിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാം'- എം.എം. മണി പറഞ്ഞു.

'ഹാ! ചുമ്മാ തോട്ടം തൊളിലാളിയുടെ മകനായി ജനിച്ചതാണ് അയാള്. എന്നിട്ട് ഈ പാര്‍ട്ടിക്കകത്ത് കൂടി. അത്യാവശ്യം വിദ്യാഭ്യാസമുണ്ടയാള്‍ക്ക്. രാഷ്ട്രീയ ബോധവുമുണ്ട്. പക്ഷേ ബോധം തെറ്റിപ്പോയി. തെറ്റിപ്പോയാലെന്ത് ചെയ്യും. മൂന്ന് പ്രാവശ്യം എംഎല്‍എയായി. 15 വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പോരേ. എന്നിട്ട് ഒരുമാതിരി പണി ചെയ്യരുത്'- മണിയാശാന്‍ പറഞ്ഞു.

എസ്. രാജേന്ദ്രന് എതിരായ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. പക്ഷേ, എന്തെല്ലാം പ്രശ്നമുണ്ടെങ്കിലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ പോലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ എസ്. രാജേന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയായ എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയിരുന്നു. തോട്ടം തൊഴിലാളികളായ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയതായും കമ്മീഷന്‍ വിലയിരുത്തി. ദേവികുളത്ത് മൂന്നു തവണ എം.എല്‍.എയായ രാജേന്ദ്രന് വീണ്ടും മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. ജയിച്ചാല്‍ മന്ത്രിയാകാമെന്നായിരുന്നു കണക്കുകൂട്ടല്‍.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.