'കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ തുറന്നിട്ടില്ല': പുതിയ വാദഗതിയുമായി തമിഴ്‌നാട് സുപ്രീം കോടതിയില്‍

'കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ തുറന്നിട്ടില്ല': പുതിയ വാദഗതിയുമായി തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാത്രി സമയത്ത് മുല്ലപ്പെരിയാര്‍ ഡാം തുറന്നത് കേരളത്തെ കൃത്യമായി അറിയിച്ചാണെന്ന വാദവുമായി തമിഴ്നാട് സുപ്രീം കോടതിയില്‍. കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിക്ക് നല്‍കിയ മറുപടിയിലാണ് തമിഴ്നാട് കേരളത്തിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്.

അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നിട്ടില്ല. തുറക്കുന്നതിന് മുന്‍പ് കൃത്യമായി കേരളത്തെ വിവരം അറിയിച്ചു. അണക്കെട്ടിലെ വെളളത്തിന്റെ അളവ് നോക്കിയാണ് തുറന്നത്. മുല്ലപ്പെരിയാറില്‍ സംയുക്തസമിതി വേണമെന്ന കേരളം ഉന്നയിച്ച ആവശ്യം തളളണമെന്നും തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടു.

മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളില്‍ തമിഴ്‌നാട് അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി വസ്തുവകകള്‍ നഷ്ടപ്പെട്ടത് ചിത്രങ്ങള്‍ സഹിതം കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടും കേരളത്തിന്റെ ആരോപണം വസ്തുതാ വിരുദ്ധമാണന്ന വിചിത്രമായ നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതി വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നും മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കേരളം അപേക്ഷ നല്‍കിയിരുന്നത്. ജസ്റ്റിസ് ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിനോട് ഇതില്‍ മറുപടി നല്‍കാന്‍ അനുമതി നല്‍കുകയായിരുന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനും പുറത്തുവിടുന്ന ജലത്തിന്റെ അളവ് തീരുമാനിക്കാനും കേരള-തമിഴ്‌നാട് പ്രതിനിധികളുളള സാങ്കേതിക സമിതി വേണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ചയാണ് രാത്രി സമയത്ത് തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഇതേ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ ഉള്‍പ്പടെ പലയിടത്തും പെരിയാര്‍ കരകവിഞ്ഞതോടെ കുട്ടികളെയും പ്രായമായവരെയും എടുത്ത് സുരക്ഷിതമായ ഉയരം കൂടിയ ഇടങ്ങളിലേക്ക് അര്‍ധരാത്രിയില്‍ തന്നെ ജനങ്ങള്‍ക്ക് മാറേണ്ടിവന്നു. തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.