സെര്‍വന്റ്‌സ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ വിശുദ്ധ മേരി ഡി റോസ

സെര്‍വന്റ്‌സ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ വിശുദ്ധ മേരി ഡി റോസ

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 15

റ്റലിയിലെ ബ്രെസിയയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ 1813 നവംബര്‍ ആറിനാണ് മേരി ഡി റോസയുടെ ജനനം. ബാല്യം മുതല്‍ തന്നെ അവള്‍ ദരിദ്രരോട് അതീവ അനുകമ്പ പ്രദര്‍ശിപ്പിച്ചിരുന്നു.

1836 ലെ കോളറ പകര്‍ച്ച വ്യാധിയില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു വീട് ഒരുക്കുകയും അത് ബധിരരും മൂകരുമായ യുവതികള്‍ക്കുള്ള വാസസ്ഥലമായി മാറ്റുകയും ചെയ്തു. അവരാണ് ഉപവിയുടെ ദാസികള്‍ (സെര്‍വന്റ്‌സ് ഓഫ് ചാരിറ്റി) എന്ന സഭാ സ്ഥാപനത്തിന്റെ പ്രാഥമികാംഗങ്ങള്‍. പിന്നീട് സെര്‍വന്റ്‌സ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാര്‍ വടക്കന്‍ ഇറ്റലിയിലെ യുദ്ധക്കളങ്ങളിലും ആശുപത്രികളിലും പരിക്കേറ്റവര്‍ക്ക് ശുശ്രൂഷ ചെയ്തു.

തന്റെ കൂട്ടുകാരായ ഗബ്രിയേലാ ബോനാറ്റി, മോണ്‍സിഞ്ഞോര്‍ പിന്‍സോണി തുടങ്ങിയവര്‍ക്കൊപ്പം മേരിയുടെ നേതൃത്വത്തില്‍ ഉപവിയുടെ ദാസികള്‍ നടത്തിയ ശുശ്രൂഷകള്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.

1848 ല്‍ മേരി ഡി റോസയുടെ കൂട്ടുകാരില്‍ ആദ്യം ഗബ്രിയേലയും പിന്നീട് മോണ്‍സിഞ്ഞോര്‍ പിന്‍സോണിയും മരിച്ചു. അവരുടെ മരണത്തോടെ അവള്‍ തീര്‍ത്തും നിസഹായയായി മാറി. ഇക്കാലയളവിലാണ് യൂറോപ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അവരുടെ ജന്മദേശം ആക്രമിക്കപ്പെട്ടു. യുദ്ധത്തില്‍ ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും രോഗികളാക്കപ്പെടുകയും ചെയ്തു.

മേരിയും മറ്റ് കന്യകാസ്ത്രീകളും സൈനീക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുകയും മുറിവേറ്റവര്‍ക്കും മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ശാരീരിക സൗഖ്യവും ആത്മീയ ശാന്തിയും നല്‍കുകയും ചെയ്തു. 1855 ഡിസംബര്‍ 15 ന് ബ്രെസിയയില്‍ വച്ച് മേരി ഈ ലോകത്തോട് വിട പറഞ്ഞു. 1954 ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മേരി ഡി റോസയെ വിശുദ്ധ എന്ന് നാമകരണെ ചെയ്തു. വിശുദ്ധ സ്ഥാപിച്ച സഭയ്ക്ക് ഇന്ന് മുന്നൂറ് ശാഖാ മഠങ്ങളുണ്ട്. ക്രൂശിതനോടുള്ള വിശുദ്ധയുടെ സ്നേഹത്തെ പ്രതി ക്രൂസിഫിക്സാ എന്ന പേരിലും മേരി ഡി റോസ അറിയപ്പെടുന്നു

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐബീരിയായിലെ നീനോ

2. ബിഥീനിയ ലത്രോസിലെ പോള്‍

3. അയര്‍ലന്‍ഡിലെ ഫ്‌ളോറെന്‍സിയൂസ്

4. ആഫ്രിക്കയിലെ ഫൗസ്തിനൂസ്, ലൂസിയൂസ്, കാന്റിഡൂസ്, ചെളിയന്‍, മാര്‍ക്ക്, ജാനുവരിയൂസ്, ഫൊര്‍ത്തുനാത്തൂസ്

5. വലേരിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷികളായ ഇറെനേവൂസ്, ആന്റണി, തെയോഡോര്‍, സത്തൂര്‍ണിനൂസ്, വിക്ടര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26