മുംബൈയ്ക്ക് മേല്‍ ഉദിച്ചുയർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലേക്ക്

മുംബൈയ്ക്ക് മേല്‍ ഉദിച്ചുയർന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലേക്ക്

കഴിഞ്ഞ കുറച്ച് മത്സരങ്ങളായി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുളള ടീമുകള്‍ക്കൊപ്പം, എല്ലാ മത്സരങ്ങളും ഫൈനല്‍ എന്നുളള രീതിയില്‍, തോറ്റാല്‍ പുറത്തുപോകുമെന്നുളള രീതിയിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് കളിച്ചുകൊണ്ടിരുന്നത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ അവർക്ക് സാധിച്ചിട്ടുണ്ട്. വളരെയേറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്സ് സ്ഥിരതയാർന്ന ടീമായി മാറിയത്. കൂട്ടുകെട്ടുകളും രീതികളും തന്ത്രങ്ങളുമെല്ലാം ശരിയായ രീതിയിലേക്ക് എത്തികഴിഞ്ഞിരിക്കുന്നുവെന്ന് പറയാം. നമുക്ക് പരിചിതമായിട്ടുളള സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ കളിരീതി- സാമാന്യം ഭേദപ്പെട്ട രീതിയിലേക്ക് ടോട്ടല്‍ സ്കോർ എത്തിക്കുക, പിന്നീട് എറിഞ്ഞു പിടിക്കുകയെന്നുളളതാണ്. അതിന് അവരെ സഹായിച്ചിരുന്നത് ഭുവനേശ്വർ കുമാറിനെയും റാഷിദ് ഖാനെയും പോലുളളവരുടെ കളി മികവ് തന്നെയായിരുന്നു. ഈ രണ്ട് ബൗളർമാർക്കൊപ്പം മറ്റുളളവർ കൂടി ചേരുന്നുവെന്നുളള കളിരീതിയായിരുന്നു അവരുടേത്. ടൂ‍ർണമെന്‍റിന്‍റെ ഏതാണ്ട് പാതിയായ സമയത്ത് അത് വിജയിക്കാതെ വന്നപ്പോള്‍ അവർ അതില്‍ മാറ്റം വരുത്തി. മധ്യ ഓവറുകളില്‍ വൃദ്ധിമാന്‍ സാഹയെ പരീക്ഷിച്ചു. പരീക്ഷണം ഒരിക്കലും ഫലം കണ്ടില്ല. 30 പന്തുകളില്‍ 31 റണ്‍സെടുത്ത ആ മത്സരവും തോറ്റു അവർ മറന്നിരിക്കുകയായിരുന്നു വൃദ്ധിമാന്‍ സാഹയെ. എന്നാല്‍ ജെയ്സണ്‍ ഹോള്‍ഡറെന്ന താരത്തിന് അവസരം നല്കണമെന്നുളളതുകൊണ്ട് ജോണി ബെയർസ്റ്റോയെ കളിപ്പിക്കാന്‍ വഴിയുണ്ടായിരുന്നില്ല. അങ്ങനെയാണ് വീണ്ടും വൃദ്ധിമാന്‍ സാഹ അവസാന പതിനൊന്നിലെത്തുന്നത്.

വിക്കറ്റ് കീപ്പ് ചെയ്യാന്‍ ആളുണ്ടായിരുന്നില്ലയെന്നുളളതുകൊണ്ടും സാഹ ടീമിലെത്തി. മധ്യനിരയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നുളളതുകൊണ്ട് പിന്നീടെന്ത് എന്നുളള ചിന്ത വരികയും ജോണി ബെയർസ്റ്റോ ഓപ്പണിംഗില്‍ ഇല്ലാത്തതുകൊണ്ട് സാഹയെ പരീക്ഷിക്കാമെന്നുളള രീതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ആ പരീക്ഷണം അവർക്ക് ഏറെ ഗുണം ചെയ്തു. മധ്യനിരയില്‍ ബാറ്റുചെയ്യുമ്പോള്‍ സിക്സറുകള്‍ കണ്ടെത്തേണ്ടിവരും. എന്നാല്‍ ആദ്യ ഓവറുകളില്‍ നിയന്ത്രണങ്ങളുളള സമയത്ത് തന്‍റേതായ രീതിയില്‍ കളിക്കാന്‍ സാഹയ്ക്ക് സാധിച്ചുവെന്നുളളതാണ് നേട്ടമായത്. ആദ്യം ബാറ്റ് ചെയ്ത് ഡിഫന്‍റ് ചെയ്യുകയെന്നുളളതില്‍ നിന്നും മാറി പിന്തുടർന്ന് കളിച്ച് ജയിക്കുകയെന്നുളളതിലേക്ക് അവരുടെ കളി രീതി മാറി. അതിനവർക്ക് സഹായകരമായത് ജെയ്സണ്‍ ഹോള്‍ഡറെന്ന താരത്തിന്‍റെ മികവാണ്. അതോടൊപ്പം വളരെ മികച്ചരീതിയിലുളള പ്രകടനം കാഴ്ചവെയ്ക്കാന്‍ സന്ദീപ് ശർമ്മയ്ക്ക് സാധിക്കുന്നുവെന്നുളളതാണ്. മധ്യ ഓവറുകളില്‍ നാല് ഓവറുകള്‍ റാഷിദ് ഖാന്‍റെതാണ്. ആ ഓവറുകള്‍ വളരെ ശ്രദ്ധയോടെയാണ് എല്ലാ ടീമുകളും കളിക്കുന്നത്. ഇതുകൊണ്ടുതന്നെ 160 ന് താഴെയൊക്കെ ടോട്ടല്‍ സ്കോർ പിടിക്കാന്‍ അവർക്ക് കഴിയുന്നുണ്ട്. കൃത്യസമയത്ത് ഡേവിഡ് വാർണർ ടീമിലേക്ക് വരുന്നു. അതോടെ അധികം ബുദ്ധിമുട്ടില്ലാതെ അത് മറികടക്കാന്‍ സണ്‍റൈസേഴ്സിന് സാധിക്കുന്നുമുണ്ട്. പിന്തുടർന്ന് ജയിക്കുകയെന്നുളള കളിരീതിയിലേക്ക് അവർ മാറി.

ഈ സമയത്ത്, മുന്നില്‍ നില്‍ക്കുന്ന ടീമുകളെ തോല്‍പിച്ച് പ്ലേ ഓഫിലേക്ക് യോഗ്യതനേടാന്‍ അവർക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ തന്നെയും ടോസ് നഷ്ടപ്പെട്ടാല്‍ എങ്ങനെയായിരിക്കും അവരുടെ കളിരീതിയെന്നുളളതും കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം മത്സരം തോറ്റുകൊടുത്തതല്ല. പക്ഷെ അവരുടെ സ്വാർത്ഥതയാണ്. വിശ്രമം ആവശ്യമായിരുന്ന താരങ്ങള്‍ക്ക് അത് അനുവദിച്ചു. നിർണായകമായ മത്സരം വരുമ്പോള്‍ ഏറ്റവും ഊർജ്ജത്തോടെ അവരുടെ രണ്ട് ബൗളേഴ്സിനെ ഉപയോഗപ്പെടുത്താമെന്നുളളതാണ് മുംബൈയുടെ മനസിലിരിപ്പ്. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് മധ്യനിരയ്ക്ക് അല്‍പം സമ്മർദ്ദമുണ്ടാക്കി.എന്നിരുന്നാല്‍ തന്നെയും നല്ലൊരു ടോട്ടലിലേക്ക് വരാന്‍ പൊളളാർഡിനെ അല്‍പം കൂടി താഴേക്ക് കൊണ്ടുവന്നാല്‍ മതിയായിരുന്നുവെന്ന് തോന്നുന്നു. കൃണാല്‍ പാണ്ഡ്യയും സൗരഭ് തിവാരിയും സൂര്യകുമാർ യാദവുമൊക്കെ പെട്ടെന്ന് പുറത്തായത് മധ്യനിരയെ തകർത്തു.അതല്ലായിരുന്നുവെങ്കില്‍ 180 ലേക്ക് സ്കോറെത്തുമായിരുന്നു. സണ്‍റൈസേഴ്സിന്‍റെ ബാറ്റ്സ്മാന്‍മാർക്ക് സമ്മർദ്ദമുണ്ടാക്കാന്‍ ബുംറയും ട്രെന്‍റ് ബോള്‍ട്ടുമില്ലാത്ത ബൗളിംഗ് നിരയ്ക്ക് കഴിയുമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ആവശ്യമായ റണ്‍റേറ്റിന്‍റെ സമ്മർദ്ദം ബാറ്റ്സ്മാന്‍മാർക്ക് നല്കാന്‍ സാധിക്കുമായിരുന്നു. ബുംറയില്ലാത്ത മുംബൈ ഇന്ത്യന്‍സിന് പാതി ശക്തിയേ ഉളളൂവെന്നുകൂടി പറയേണ്ടിവരും.

SCORE : MI 149/8 (20)SRH 151/0 (17.1)
 സോണി ചെറുവത്തൂർ
 (കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.