കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ശരിവെച്ചു; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ശരിവെച്ചു; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വി സിയായി തുടരാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായി.

വൈസ് ചാന്‍സലറെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പ്രായപരിധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ അടുത്ത ദിവസം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. ഡിസംബര്‍ രണ്ടിന് നടന്ന വാദത്തിനു ശേഷം കേസ് വിധിപറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തന്നെ പുനര്‍നിയമിച്ചതില്‍ തെറ്റില്ലെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. നീതി കിട്ടിയെന്നും താന്‍ വൈസ് ചാന്‍സലറായിരിക്കുമ്പോള്‍ ചാന്‍സലറെപ്പറ്റി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.

ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടിരുന്നു. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വിസിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

പിന്നീടാണ് രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത്. തുടര്‍ന്ന്, വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് വിസി നിയമനത്തില്‍ അനുകൂല നിലപാടെടുത്തതെന്ന ഗവര്‍ണറുടെ വാദത്തെ സാധൂകരിക്കുന്നതായിരുന്നു മന്ത്രിയുടെ കത്ത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.