കേരളത്തില്‍ നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍: ആകെ രോഗബാധിതര്‍ അഞ്ച്; കേന്ദ്ര സംഘവുമായുള്ള ചര്‍ച്ച ഇന്ന്

കേരളത്തില്‍ നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍: ആകെ രോഗബാധിതര്‍ അഞ്ച്; കേന്ദ്ര സംഘവുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ ജാഗ്രത കടുപ്പിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ഇന്ന് ചര്‍ച്ച നടത്തും.

സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ യുവാവിന്റെ ഭാര്യയ്ക്കും ഭാര്യാ മാതാവിനും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മറ്റൊരാള്‍ എറണാകുളം സ്വദേശിയായ മുപ്പത്തഞ്ചുകാരനായ യുവാവാണ്. ഇദ്ദേഹം കോംഗോയില്‍ നിന്ന് വന്നതാണ്. നാലാമത്തെയാള്‍ തിരുവനന്തപുരത്ത് യു.കെയില്‍ നിന്ന് വന്ന ഇരുപത്തിരണ്ടുകാരിയാണ്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

ഇവരുടെയെല്ലാം കോണ്‍ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുളള ലക്ഷണങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തും. പോസിറ്റീവായാല്‍ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും.

ഇതിനിടെ തമിഴ്നാട്ടിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധിതനൊപ്പം യാത്ര ചെയ്ത വ്യക്തിക്കും ആറ് ബന്ധുക്കള്‍ക്കും കോവിഡ് പോസിറ്റീവാണ്. ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചതായി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.