കടുവ വീണ്ടുമെത്തി പശുവിനെ കൊന്നു; ഇത് വനം വകുപ്പിന്റെ കണക്കിലില്ലാത്ത കടുവ

കടുവ വീണ്ടുമെത്തി പശുവിനെ കൊന്നു; ഇത് വനം വകുപ്പിന്റെ കണക്കിലില്ലാത്ത കടുവ

വയനാട്:  കുറുക്കന്‍മൂലയ്ക്ക് അടുത്ത് കടുവ വീണ്ടുമെത്തി. കുറുക്കന്മൂലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പയ്യമ്പള്ളിയിലാണ് കടുവ എത്തിയത്.

പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. സമീപത്തുള്ള പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനേയും കടുവ പിടിച്ചു. ഇതോടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയാണ് പയ്യമ്പള്ളി. ഇവിടെ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

കുറുക്കന്‍മൂലയില്‍ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കില്‍പ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താന്‍ ചിത്രങ്ങള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച്‌ കാത്തിരിക്കുകയാണ്. എന്നാൽ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.

കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. ദേഹത്ത് മാരക മുറിവുകളേറ്റതിനാലാണ് കടുവ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പില്‍ വയനാട്ടില്‍ 154 കടുവകളാണുള്ളത്. ഈ പട്ടികയില്‍ കുറുക്കന്‍മൂലയില്‍ പരിഭ്രാന്തി പരത്തുന്ന കടുവ ഉള്‍പ്പെട്ടിട്ടില്ല. കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് നാളെ അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.