ഒമിക്രോണ്‍ നിരീക്ഷണം പാളി: മാര്‍ഗ നിര്‍ദേശം ലംഘിച്ച് രോഗി മാളിലും റസ്റ്റോറന്റിലും പോയി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഒമിക്രോണ്‍ നിരീക്ഷണം പാളി: മാര്‍ഗ നിര്‍ദേശം ലംഘിച്ച് രോഗി മാളിലും റസ്റ്റോറന്റിലും പോയി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി:  സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ച. കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയായ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക അതി വിപുലമാണ്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗ നിര്‍ദേശം അനുസരിച്ച് കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച ഇയാള്‍ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സാംപിള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വന്ന് ഇയാള്‍ പൊസിറ്റീവായതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടിക തയ്യാറെടുക്കുന്ന അവസരത്തിലാണ് പട്ടിക വളരെ വിപുലമാണെന്ന് അധികൃതര്‍ മനസിലാക്കുന്നത്. ഒമിക്രോണ്‍ വൈറസിന് മറ്റ് കോവിഡ് വൈറസുകളെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലായതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക എന്നത് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്.

എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.

ഡിസംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. ഇവരില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും രണ്ട് പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കൊവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും അഞ്ച് പേര്‍ ഒമിക്രോണ്‍ പോസിറ്റീവുമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.