വിജയ് ദിവസ് ആഘോഷത്തില്‍ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ മറന്നതില്‍ വിമര്‍ശനവുമായി പ്രിയങ്കയും രാഹുലും

വിജയ് ദിവസ് ആഘോഷത്തില്‍ സര്‍ക്കാര്‍ ഇന്ദിരാ ഗാന്ധിയെ മറന്നതില്‍  വിമര്‍ശനവുമായി പ്രിയങ്കയും രാഹുലും

ന്യൂഡല്‍ഹി: 1971 ലെ യുദ്ധ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മോഡി സര്‍ക്കാര്‍ അവഗണിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. പാകിസ്താനെതിരായ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്മരിക്കാനായി ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ദിരയെ മറന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്ത്രീവിരുദ്ധം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

' സ്ത്രീവിരുദ്ധരായ ബിജെപി സര്‍ക്കാര്‍ വിജയ് ദിവസ് ആഘോഷങ്ങളില്‍ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഒഴിവാക്കി. അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെയും അമ്പതാം വാര്‍ഷികത്തിലാണിത്. നരേന്ദ്ര മോദിജി... സ്ത്രീകള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകര്‍തൃ മനോഭാവം സ്വീകാര്യമല്ല.' - അവര്‍ ട്വിറ്ററില്‍ കുറിച്ചു.

വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ' ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണാര്‍ത്ഥം ഇന്ന് ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങ് നടന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് ചടങ്ങില്‍ ഒരു പരാമര്‍ശം പോലുമുണ്ടായില്ല. രാജ്യത്തിന് വേണ്ടി 32 ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയ വനിതയുടെ പേര് ചടങ്ങില്‍ എങ്ങുമുണ്ടായിരുന്നില്ല. എന്തെന്നാല്‍ ഈ സര്‍ക്കാര്‍ സത്യത്തെ ഭയപ്പെടുന്നു' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.