ജനറല്‍ എം.എം നരവണെ സി.എസ്.സി ചെയര്‍മാനായി ചുമതലയേറ്റു

ജനറല്‍ എം.എം നരവണെ സി.എസ്.സി ചെയര്‍മാനായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 27-ാമത് സംയുക്തസേനാ മേധാവിയായി (ചീഫ്‌ ഓഫ് ദി സ്റ്റാഫ് കമ്മിറ്റി) ചെയർമാനായി കരസേനാമേധാവി ജനറൽ എം.എം. നരവണെ ചുമതലയേറ്റു. മൂന്നുസേനകളിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിലാണ് നരവണെയുടെ നിയമനം.

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്നാണ് ഇദ്ദേഹം ചീഫ്‌ ഓഫ് ദി സ്റ്റാഫ് കമ്മിറ്റിയായി (സി.എസ്.സി) അധികാരമേൽക്കുന്നത്. മൂന്ന് സേനാ വിഭാഗത്തെയും ഏകോപിപ്പിക്കുക, പ്രതിരോധ മന്ത്രാലയത്തിന് നിർണായക ഉപദേശങ്ങൾ നൽകുക, ആയുധ സംഭരണ നടപടിക്രമം രൂപീകരിക്കുക തുടങ്ങിയ സുപ്രധാന ചുമതലകളാണ് വഹിക്കുക.

പുതിയ സി.ഡി.എസ്. നിയമിതനാവുന്നതുവരെയുള്ള ക്രമീകരണം മാത്രമാണിതെന്നാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മുതൽ സി.ഡി.എസിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നവരെല്ലാം ഇനി അടുത്ത ക്രമീകരണം വരുന്നതുവരെ നരവണെയ്ക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

2019 ഡിസംബര്‍ 31നാണ് ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി മനോജ് മുകുന്ദ് നരവാനെ ഇന്ത്യന്‍ കരസേന മേധാവിയായി ചുമതലയേറ്റത്. അതിനു മുമ്പ് ചൈനയുമായുള്ള അതിര്‍ത്തി സംരക്ഷിക്കുന്ന കിഴക്കന്‍ കമാന്‍ഡന്റിനെ അദ്ദേഹം നയിച്ചിരുന്നു. കശ്മീരിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

മ്യാന്‍മറില്‍ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ പവന്‍ എന്ന് പേരിട്ട ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായിരുന്നു. ജമ്മു കശ്മീരിലെ സൈനിക സേവനത്തിന് സേനാ പുരസ്‌കാരം നേടിയ നരവാനെ നാഗാലാന്‍ഡിലെയും ആസാം റൈഫിള്‍സിലെയും സേവനത്തിന് വിശിഷ്ഠ സേവാ പുരസ്‌കാരവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.