'ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചിരിക്കുന്നു': രൂക്ഷ വിമര്‍ശനവുമായി കോടിയേരി

 'ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗില്‍ പ്രവേശിച്ചിരിക്കുന്നു': രൂക്ഷ വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ് രൂപം കൊണ്ടത് തീവ്രവര്‍ഗീയതയോടെയായിരുന്നു. അക്രമത്തിന്റെ വഴി മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നതിനാണ് കോഴിക്കോട് പ്രകോപനപരമായ റാലി നടത്തിയതെന്നും കോടിയേരി ആരോപിച്ചു. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ 'ഹിന്ദുരാജ്യ നയത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ്' എന്ന ലേഖനത്തിലാണ് ലീഗിനെ കോടിയേരി കടന്നാക്രമിച്ചത്. '

മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളില്‍പ്പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന് പച്ചയായ വര്‍ഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരു പറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട് നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനവും സമ്മേളനവുമെന്നും കോടിയേരി പറഞ്ഞു.

സ്വന്തം പ്രവൃത്തികൊണ്ട് ലീഗിന്റെ ഒറ്റപ്പെടലിലും രാഷ്ട്രീയപ്രതിസന്ധിയിലും നിന്ന് രക്ഷനേടാന്‍ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്. 1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിം ലീഗിന്റെ വഴി തീവ്ര വര്‍ഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തില്‍ ആ സംഘടന പിന്നീട് ഉയര്‍ത്തി.

ബംഗാളില്‍ സായുധരായ മുസ്ലിം യുവാക്കള്‍ അക്രമസമരത്തിന് ഇറങ്ങിയപ്പോള്‍ 1946ല്‍ ലീഗ് പ്രതിനിധിയായ ബംഗാള്‍ മുഖ്യമന്ത്രി സുഹ്രാവര്‍ദി അക്രമം അമര്‍ച്ച ചെയ്യാന്‍ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്റെ കൂടി ഫലമായി ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമ ശൈലി മറ്റൊരു രൂപത്തില്‍ കേരളത്തില്‍ അരങ്ങേറുന്നതിനാണ് മുസ്ലിം ലീഗ് കോഴിക്കോട്ട് പ്രകോപന പരമായ റാലി നടത്തുകയും അതില്‍ പച്ചയായി വര്‍ഗീയത വിളമ്പുകയും ചെയ്തത്. മത നിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്. 1948 മാര്‍ച്ച് 10നു രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഭാഗമാണ് ഇവിടത്തെ ലീഗ് എന്നു പറയുന്നു. പക്ഷേ ഇന്ത്യന്‍ ഭരണ ഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള മത നിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊള്ളേണ്ട ഉത്തരവാദിത്തം ഇവിടത്തെ രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഉണ്ട്. അത് ലംഘിക്കുന്നതില്‍ ബിജെപിയും ആര്‍എസ്എസും നിര്‍ലജ്ജം മുന്നിലാണ്. അവരുടെ ശൈലിക്ക് സമാനമായി വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടത്തെ ഐയുഎംഎല്‍ വഖഫ് ബോര്‍ഡിലെ നാമമാത്രമായ തസ്തികകളുടെ നിയമനത്തിന്റെ പേരില്‍ കോലാഹല സമരം നടത്തുന്നത്.

സമുദായത്തിലെ പ്രബല വിഭാഗങ്ങള്‍ ആശങ്ക അറിയിച്ചപ്പോള്‍ ആശങ്ക മാറ്റാതെ മുന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമുദായ സംഘടനകള്‍ അത് അംഗീകരിച്ച് സമര പരിപാടിയില്‍ നിന്ന് പിന്മാറി. എന്നാല്‍, അതിനെപ്പോലും വെല്ലുവിളിച്ച് മതവിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കമാണ് കോഴിക്കോട് പ്രകടനത്തിലൂടെ ലീഗ് നേതൃത്വം നടത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.