കടുവയെ പിടിയ്ക്കാത്തതെന്ത്?... വയനാട്ടില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം, കയ്യാങ്കളി

കടുവയെ പിടിയ്ക്കാത്തതെന്ത്?... വയനാട്ടില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം, കയ്യാങ്കളി

കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ കടുവയ്ക്കായി പത്തൊമ്പതാം ദിവസവും തെരച്ചില്‍ തുടരവേ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ പയമ്പള്ളി പുതിയിടത്ത് സംഘര്‍ഷം.

കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് വാക്ക് തര്‍ക്കവും ഉന്തും തള്ളുമുണ്ടായത്. നഗരസഭ കൗണ്‍സിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.

പയമ്പള്ളി പുതിയിടത്ത് ഇന്നലെ രാത്രി കടുവയെ കണ്ടയുടന്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രി് തൃശൂരില്‍ നിന്ന് വണ്ടിയില്‍ വരികയായിരുന്ന കുടുംബമാണ് വഴിയില്‍ കടുവയെ കണ്ടത്.

ആദ്യം ഭയപ്പെട്ടുവെങ്കിലും കടുവ വഴിയില്‍ നിന്ന് മാറിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ കുടുംബം മറ്റ് പ്രദേശവാസികളെ വിവരമറിയിച്ചു. ഇവരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാര്‍ തന്നെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

പിന്നീട് വനംവകുപ്പ് അധികൃതരെത്തി കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. പുതിയടത്ത് നിലവില്‍ ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരുമാണ് സംഘത്തില്‍ ഉള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ കൂടി തെരച്ചിലിനായി നിയോഗിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.