ജീവനെ മറന്നുള്ള രാജ്യസേവനത്തിന് ആദരം;മൂന്ന് സൈനികര്‍ക്ക് മെഡല്‍ ഓഫ് ഓണര്‍ സമ്മാനിച്ച് പ്രസിഡന്റ് ബൈഡന്‍

ജീവനെ മറന്നുള്ള രാജ്യസേവനത്തിന് ആദരം;മൂന്ന് സൈനികര്‍ക്ക്  മെഡല്‍ ഓഫ് ഓണര്‍ സമ്മാനിച്ച് പ്രസിഡന്റ് ബൈഡന്‍

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്ന് സൈനികര്‍ക്ക്  മെഡല്‍ ഓഫ് ഓണര്‍ സമ്മാനിച്ചു.ഇതില്‍ രണ്ടു പേര്‍ക്ക് മരണാനന്തര ബഹുമതിയാണു നല്‍കിയത്. സൈന്യത്തിലെ ഏറ്റവും അഭിമാനകരമായ അലങ്കാരമാണ് മെഡല്‍ ഓഫ് ഓണര്‍.

ആര്‍മി സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ആല്‍വിന്‍ കാഷെ, ആര്‍മി സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ക്രിസ്റ്റഫര്‍ സെലിസ്, ആര്‍മി മാസ്റ്റര്‍ സെര്‍ജന്റ് എര്‍ള്‍ ഡി പ്ലംലി എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.  മൂന്നുപേരോടും രാജ്യത്തിനു നിസ്സീമമായ കടപ്പാടാണുള്ളതെന്ന്  വൈറ്റ് ഹൗസ് ഈസ്റ്റ് റൂമില്‍ നടന്ന ചടങ്ങില്‍ ബൈഡന്‍ പറഞ്ഞു.

2005-ല്‍ ഇറാഖില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ശത്രുക്കളുടെ വെടിവയ്പ്പില്‍ തീപിടിച്ച വാഹനത്തില്‍ നിന്ന് നിരവധി സൈനികരെയും ഒരു ദ്വിഭാഷിയെയും  വലിച്ചെടുത്തശേഷമാണ് ആല്‍വിന്‍ കാഷെ മരണത്തിനു കീഴടങ്ങിയത്.' തന്റെ ആളുകള്‍ക്ക് വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ അഗ്‌നിയിലൂടെ നടന്ന മനുഷ്യന്‍' എന്ന് അദ്ദേഹത്തെ പ്രസിഡന്റ് വിശേഷിപ്പിച്ചു. ഇറാഖി യുദ്ധത്തില്‍ പങ്കെടുത്ത് മെഡല്‍ ഓഫ് ഓണര്‍ ലഭിക്കുന്ന ഏഴാമത്തെ സൈനികനാണ് കാഷെ. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം മെഡല്‍ നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കക്കാരനും.

2018-ല്‍ അഫ്ഗാനിസ്ഥാനിലെ വീരോചിത പ്രവര്‍ത്തനങ്ങള്‍ക്കാണ് സെലിസിനെ ആദരിച്ചത്. സെലിസിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് ശത്രുക്കളുടെ വെടിവയ്പില്‍ അകപ്പെട്ടപ്പോള്‍ പരിക്കേറ്റ ഒരാള്‍ക്ക് തുടര്‍ന്നു വെടിയേല്‍ക്കാതിരിക്കാന്‍ തന്റെ ശരീരം  കവചമായി ഉപയോഗിക്കവേയാണ് സെലിസിന് മുറിവു പറ്റിയത്.തുടര്‍ന്ന് സഹപ്രവര്‍ത്തകനെ  മെഡിക്കല്‍ ഇവാക്വേഷന്‍ ഹെലികോപ്റ്ററില്‍ കയറ്റുന്നതിനിടെ  വെടിയൊച്ചകള്‍ കേട്ടപ്പോള്‍, താനില്ലാതെ രക്ഷപ്പെടാന്‍ അദ്ദേഹം പൈലറ്റിനെ നിര്‍ബന്ധിച്ചു. പിന്നീട് മറ്റൊരു വിമാനത്തില്‍ കയറാനായെങ്കിലും സെലിസ് പരിക്കുകളാല്‍ മരിച്ചു.

സെലിസിന്റെ ഭാര്യ കാറ്റിയും മകള്‍ ഷാനനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജ്യത്തിനു സെലിസിനുള്ള ആദരം ഇരുവരുമായും ബൈഡന്‍ പങ്കുവച്ചു.ആര്‍മി മാസ്റ്റര്‍ സെര്‍ജന്റ് എര്‍ള്‍ ഡി പ്ലംലിക്ക്  പ്രസിഡന്റ നേരിട്ട് മെഡല്‍ സമ്മാനിച്ചു. 2013-ല്‍ അഫ്ഗാനിസ്ഥാനിലെ സേവനത്തിനിടെ പ്ലംലി നടത്തിയ വീരോചിത പോരാട്ടമാണ് രാജ്യത്തിന്റെ ശ്രദ്ധ നേടിയത്.

ഗസ്നിയില്‍ ചാവേര്‍ ആക്രമണമുണ്ടായപ്പോള്‍ ഡ്രൈവര്‍ക്ക് വെടിയേല്‍ക്കാതെ തന്റെ ശരീരം കവചമായി ഉപയോഗിച്ചു  പ്ലംലി. ഒരു പിസ്റ്റല്‍  മാത്രം ആയുധമാക്കി കലാപകാരികളെ നേരിട്ടു. ഒരാളെ  കൊന്ന് ഒരു സഹപ്രവര്‍ത്തകനെ രക്ഷിച്ചു. പ്ലംലി വെടിയുതിര്‍ത്തപ്പോള്‍  ചാവേര്‍ വസ്ത്രം ധരിച്ചിരുന്നയാള്‍ അത് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു.

മെഡല്‍ ഓഫ് ഓണര്‍ സമ്മാനിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രഥമ വനിത ജില്‍ ബൈഡന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2021 ഓഗസ്റ്റ് 26-ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പുറത്തുകടക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിനടുത്ത് ബോംബാക്രമണത്തില്‍ മരിച്ച 13 യുഎസ് സൈനികര്‍ക്ക് ഗോള്‍ഡ് മെഡല്‍ നല്‍കുന്നതിനുള്ള രേഖയില്‍ ചടങ്ങിന് മുന്നോടിയായി ബൈഡന്‍ ഒപ്പുവച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.